ബളാൽ കുറുമാണം കോളനിയിൽ തെങ്ങ് കയറ്റ പരിശീലനം നടത്തി കൃഷി വകുപ്പ്
വെള്ളരികുണ്ട് :ബളാൽ ഗ്രാമ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പട്ടിക വർഗ്ഗ കോളനിയിലെ യുവതീ യുവാക്കൾക്ക് കൃഷി വകുപ്പ് ഒരുക്കിയ തെങ്ങ് കയറ്റ പരിശീലന പരിപാടി കൗതുകമായി.
ബളാൽ പഞ്ചായത്തിലെ കുറുമാണം കോളനിയിൽ ആണ് ശനിയാഴ്ച ബളാൽ കൃഷി ഭവൻ 20 ഓളം വരുന്ന യുവതീ യുവാക്കളെ തെങ്ങിൽ കയറാൻ പരിശീലിപ്പിച്ചത്.
കൃഷി വകുപ്പിന്റെ ആത്മ 2020-2021 പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
മൂന്ന് മാസം മുൻപ് കൃഷിയിടങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കുറുമാണം കോളനിയിൽ എത്തിയ ബളാൽ കൃഷി ഭവനിലെ ഉദ്യോഗസ്ഥരോട് തങ്ങൾക്ക് തെങ്ങ് കയറ്റ യന്ത്രം വേണമെന്നും അത് പരിശീലിപ്പിക്കണമെന്നും കോളനി നിവാസികൾ അവശ്യപ്പെട്ടിരുന്നു.
ഇവർക്ക് നൽകിയ വാക്ക് പാലിക്കുവാനാണ് കൃഷി അസി. ഡയറ്കടർ ഉൾപ്പെടെ ഉള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച കുറുമാണത്ത് എത്തിയത്.
ഇവർക്കായി രണ്ട് പുതിയ തെങ്ങ് കയറ്റ യന്ത്രവും പരിശീലകനെയും കൊണ്ട് വന്നിരുന്നു.
കോളനിക്കടുത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോട്ടത്തിൽ നടന്ന പരിശീലന പരിപാടി യിൽ ആദ്യം ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യനും പുറകെ കൃഷി അസി. ഓഫീസർ എസ്. രമേഷ് കുമാറും തെങ്ങിൽ കയറി.
പിന്നീട് കുറുമാണത്തെ ഓരോരുത്തരും തെങ്ങിൽ കയറാൻ പഠിക്കുന്ന പ്രകടനം ഇവിടെ ഉള്ളവർക്ക് കൗതുകമായി.
കൃഷി അസി.ഡയറക്റ്റർ ഡി.എൽ സുമ പരിശീലനപരിപാടി ഉൽഘാടനം ചെയ്തു.
ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ചു.
ആസി കൃഷി ഓഫീസർ എസ്. രമേഷ് കുമാർ. ആത്മ ബി.ടി.ഒ ആൻ മരിയ തോമസ്, എ.ടി.എം ശ്രീജ കെ.വി, കൃഷി അസി ഓഫീസർ എം.വി ബൈജു, സീമ പി. വി, പ്രജിത പി.വി. ദീപ, കെ.വി സരിത, എ വി. സുനിതമോൾ, ജോബി ജോർജ് എന്നിവർ നേതൃത്വം നൽകി.

No comments