Breaking News

മംഗളൂരു സ്വദേശികളായ ദമ്പതികൾ ഓക്‌ലൻഡിൽ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്



മംഗളൂരു: ന്യൂസിലാൻഡിലെ ഓക്‌ലൻഡിൽ മംഗളൂരു സ്വദേശികളായ ദമ്പതികൾ കുത്തേറ്റ് മരിച്ചു. 2007ൽ ഓക്‌ലൻഡിലേക്ക് കുടിയേറിയ മംഗലൂരുവിലെ ബൽമട്ട സ്വദേശികളായ ഹെർമൻ ബംഗേര (60), ഭാര്യ എലിസബത്ത് (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സീലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സീലിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഘർഷത്തിനിടെ ഇടപെടാൻ ശ്രമിച്ച വഴിയാത്രക്കാരനെന്ന് കരുതുന്ന മറ്റൊരു വ്യക്തിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം, രണ്ട് കൊലപാതകക്കുറ്റങ്ങൾ എന്നിവയാണ് 29കാരനായ പ്രതിയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓക്‌ലൻഡ് ആശുപത്രിയിൽ ഇയാൾ പോലീസ് കാവലിൽ ചികിത്സയിലാണ്. യുവാവിൻ്റെ പേരു വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച സൂചനകൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യൽ അടക്കമുള്ള അന്വേഷണ നടപടികൾ തുടരുകയാണ്.

എലിസബത്ത് ബംഗേര ഓക്‌ലൻഡ് സർവകലാശാലയിലും ഹെർമൻ ഫിഷർ & പേയ്ക്കൽ ഹെൽത്ത് കെയറിലുമാണ് ജോലി ചെയ്തിരുന്നത്. ഇരട്ട കൊലപാതകത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്. ദുരന്തത്തിൽ ഉൾപ്പെട്ട വ്യക്തികൾക്കും അറസ്റ്റിലായ വ്യക്തിയ്ക്കും പരസ്പരം അറിയാമെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഓക്‌ലൻഡിലെ ഒരു ഡിറ്റക്ടീവ് ഇൻസ്പെക്ടർ വ്യക്തമാക്കിയതായി ചില റിപ്പോർട്ടുകളുണ്ട്.




ഓക്‌ലൻഡിലേയ്ക്ക് കുടിയേറുന്നതിന് മുമ്പ് മുംബൈയിലെ ഒരു സ്കൂളിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഹെർമൻ. മുംബൈയിലെ ഗോദ്‌റെജ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എലിസ ഹെർമനെ വിവാഹം കഴിച്ച ശേഷം ഗോവയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ മകന് മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതിനായാണ് 2007 ൽ ദമ്പതികൾ ന്യൂസിലൻഡിലേക്ക് കുടിയേറിയത്. 2014 ൽ മകന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ച ഫോട്ടോ ഹെർമൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

ദമ്പതികളുടെ മകനായ സീൽ അടുത്ത ദിവസങ്ങളിൽ മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഈ വിഷയത്തിൽ മാതാപിതാക്കളും മകനും തമ്മിൽ ചില സംഘർഷങ്ങളുണ്ടായതായും പറയപ്പെടുന്നു.

No comments