വെള്ളരിക്കുണ്ടിൽ റോഡപകടം പതിവ്; കണ്ണ് തുറക്കാതെ അധികാരികൾ സ്ക്കൂളിന് സമീപമുള്ള റോഡരികിലെ കുഴിയും വളവും അപകടങ്ങൾക്ക് കാരണമാകുന്നു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കൊന്നക്കാട് റൂട്ടിൽ ക്രിസ്ത്യൻ പള്ളിക്കും സ്ക്കൂളിലും ഇടയിൽ വരുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്. വീനസ് ഓഡിറ്റോറിയത്തിൻ്റെ പ്രവേശന കവാടം തുടങ്ങുന്ന ഭാഗത്തെ പ്രധാന റോഡാണ് കയറ്റവും വളവും കൂടാതെ അരികിലെ വലിയ കുഴിയും അപകടത്തിന് കാരണമാകുന്നത്. ഈ ഭാഗത്ത് വാഹന അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഓവുചാൽ ഇല്ലാത്തതിനാൽ മഴക്കാലത്ത് റോഡരികിലെ മണ്ണ് മുഴുവൻ കുത്തിയൊലിച്ച് പോവുകയും അതിൻ്റെ ഫലമായി വലിയ കുഴി രൂപപ്പെടുകയും ചെയ്തു. രണ്ട് വാഹനങ്ങൾ ഒരേ സമയത്ത് കടന്നു പോകുമ്പോൾ ടയറുകൾ കുഴിയിലേക്ക് വീഴുകയും വാഹനം മറിയാനുള്ള സാധ്യതയും ഏറെയാണ്. ഇരുചക്ര വാഹനം ഉൾപ്പടെ ഒട്ടേറെ വാഹനങ്ങൾ ഇതിനോടകം ഇവിടെ അപകടത്തിൽ പെട്ടിട്ടും അധികാരികളാരും കണ്ണ് തുറക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് ടൈൽസ് കയറ്റിവന്ന കണ്ടൈനർ ലോറി ഇവിടെ മറിഞ്ഞത്. ഇവിടെയൊരു ജീവൻ പൊലിയുന്നതുവരെ കാത്തു നിൽക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കോൺക്രീറ്റ് ചെയ്യുകയോ കല്ല് പായുകയോ മറ്റേതെങ്കിലും രീതിയിൽ ഈ കുഴിയൊന്ന് നികത്തിയാൽ തീരുന്ന പ്രശ്നമാണ് പക്ഷെ ജനപ്രതിനിധികളടക്കം സാങ്കേതിക നൂലാമാലകൾ പറഞ്ഞ് പിൻവലിയുകയാണ് ചെയ്യുന്നത്. സ്ക്കൂൾ, പള്ളി, ഓഡിറ്റോറിയം, പോലീസ് സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മലയോര സിരാകേന്ദ്രത്തിലേക്ക് നൂറ് കണക്കിന് വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ. എത്രയും പെട്ടന്ന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും ഡ്രൈവർമാരുടേയും ആവശ്യം.
No comments