'പുക'വണ്ടികളുടെ കാര്യം ഇനി കട്ടപ്പൊക; പുകതുപ്പുന്നത് പിടികൂടാന്‍ പ്രത്യേക പരിശോധന
നിരത്തുകളിൽ പുകതുപ്പി നീങ്ങുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധനയ്ക്കിറങ്ങുന്നു. ഈ മാസം 15 മുതൽ 30 വരെ പ്രത്യേക പരിശോധനയുണ്ടാകും. അനധികൃത പാർക്കിങ്ങിനെതിരേയും നടപടിയുണ്ടാകും.
ഹരിത ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങൾ ഓൺലൈനാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
പുകപരിശോധനാകേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിനും പോലീസിനും ഓൺലൈനിൽ ലഭിക്കും. പരിശോധനാവേളയിൽത്തന്നെ കേന്ദ്രീകൃത സോഫ്റ്റ്വേർ സംവിധാനത്തിലേക്ക് വിവരങ്ങൾ കൈമാറുന്നവിധത്തിലാണ് ക്രമീകരണം.
വാഹൻ സോഫ്റ്റ്വേറിൽ വാഹനത്തിന്റെ രജിസ്റ്റർനമ്പർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിൽ സാധുതയുള്ള പുകപരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നു വ്യക്തമാകും. അതിനാൽ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഓൺലൈനിൽ പിഴ ചുമത്താനാകും.
No comments