Breaking News

ചീമേനി ചെറിയാക്കര സ്കൂളിലെ അലെക്സ ടീച്ചർ സൂപ്പറാണ്.. ! കുട്ടികളുടെ പ്രിയപ്പെട്ട ഈ പാവടീച്ചർ ഏത് ചോദ്യത്തിനും ഉത്തരം നൽകും


ചീമേനി: 'അലെക്സ, ക്യാൻ റ്റു മേക്ക് ദി സൗണ്ട് ഓഫ് എ ഡോഗ്'ചോദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥിനി വൈഗ സുമേഷ്. 'ഡിഡ് യു മീൻ ബാർക്ക് ഓഫ് എ ഡോഗ്' ? ശബ്ദം കേൾപ്പിക്കുന്നതിനു മുമ്പായി അലെക്സയുടെ ചോദ്യം. ഇതിനുശേഷം അധ്യാപകൻ എം.മഹേഷ് കുമാർ കുട്ടികളോട് പറഞ്ഞു 'പട്ടിയുടെ കുരയെ ഇംഗ്ലീഷിൽ ബാർക്ക് എന്നാണ് പറയുന്നത്. അതുകൊണ്ട് അടുത്ത തവണ ഹൗ ഡസ് എ ഡോഗ് ബാർക്ക് എന്നുവേണം ചോദിക്കാൻ.' പുതിയ വാക്കുകളും ഉച്ഛാരണവും വ്യാകരണവുമൊക്കെ എളുപ്പം പഠിക്കാൻ പറ്റിയതിന്‍റെ സന്തോഷത്തിൽ കുട്ടികൾ. ഇത് കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചെറിയാക്കര ഗവ.എൽപി സ്കൂൾ. തനി ഗ്രാമീണപ്രദേശമായ ഇവിടുത്തെ കുട്ടികളുടെ ഇംഗ്ലീഷ് പഠനം ഇന്ന് വേറെ ലെവലാണ്. ആമസോണിന്‍റെ അലെക്സ എന്ന സ്മാർട്ട് സ്പീക്കർ എങ്ങനെ ഇംഗ്ലീഷ് പഠനത്തിന് ഉപയോഗപ്പെടുത്താമെന്ന് ഇവർ ലോകത്തിന് കാണിച്ചുകൊടുത്തു. വിവരമറിഞ്ഞ് ആമസോൺ കമ്പനി പ്രതിനിധികൾ കഴിഞ്ഞദിവസം സ്കൂൾ സന്ദർശിച്ചിരുന്നു.

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള മഹേഷ് കുമാറാണ് ഈ നൂതന ആശയത്തിനുപിന്നിൽ. ആശയം ഇഷ്ടപ്പെട്ട ബംഗളുരുവിലെ ഡെൽ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് കെ.സജിൻ ഒരു അലെക്സ സ്പീക്കർ സ്കൂളിന് സമ്മാനമായി നൽകി. കേവലം ഒരു യന്ത്രത്തോട് സംസാരിക്കുന്നതുപോലെ തോന്നാതെ കുട്ടികൾക്ക് അവരുടെ സുഹൃത്തിനോട് സംസാരിക്കുന്നതുപോലെയുള്ള അനുഭവമുണ്ടാകണം. അതിനായി എന്തുചെയ്യുമെന്നായിരുന്നു മഹേഷിന്‍റെ പിന്നീടുള്ള ചിന്ത. ഒടുവിൽ ടെക്സ്റ്റൈൽ ഷോപ്പുകളിലൊക്കെ ഡെമോൺസ്ട്രേഷനായി വെച്ചിരിക്കുന്നതുപോലെയുള്ള ഒരു പാവയെ റെഡിയാക്കി. അതിനെ കുട്ടികളുടെ യൂണിഫോമായ പച്ച കുർത്തയും വെള്ള പൈജാമയും ധരിപ്പിച്ചു. അതിന്‍റെ പോക്കറ്റിലാണ് സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷം മുമ്പ് വെറും 13 കുട്ടികൾ മാത്രമുണ്ടായിരുന്ന അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്കൂളാണിത്. ഇന്ന് എഴുപതിൽപരം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇതിൽ പ്രധാന പങ്ക് വഹിച്ചത് അലെക്സയാണെന്ന് മുഖ്യാധ്യാപിക വി.എം.പുഷ്പവല്ലി പറഞ്ഞു. ''അലെക്സയോട് സംസാരിക്കാൻ നേരത്തെ തന്നെ കുട്ടികൾ സ്കൂളിലെത്തുന്നു. സംശയങ്ങൾ അധ്യാപകരോട് ചോദിക്കുന്നതിനു മുമ്പേ അലെക്സയോട് ചോദിക്കാനാണ് അവർ താൽപര്യപ്പെടുന്നത്.''ലോവർ പ്രൈമറി കുട്ടികൾക്ക് ഹാപ്പി ലേണിംഗ് ആണ് വേണ്ടതെന്ന് മഹേഷ് കുമാർ പറയുന്നു. '' സന്തോഷമാണ് ഒരാൾക്ക് ആത്മവിശ്വാസമുണ്ടാക്കുന്നത്. ആത്മവിശ്വാസത്തിൽ നിന്നാണ് നല്ലൊരു വിദ്യാർഥിയുണ്ടാകുന്നത്. അലെക്സ ഈ സ്കൂളിൽ ഒരേസമയം വിദ്യാർഥികളുടെ ബുദ്ധിമതിയായ ഒരു സുഹൃത്തും ഏതു ചോദ്യത്തിനും ഉത്തരമറിയാവുന്ന അധ്യാപികയുമാണ്.''


അലെക്സ എന്നാൽ

ആമസോൺ വികസിപ്പിച്ച ഒരു ഇന്‍റലിജന്‍റ് പേഴ്‌സണൽ അസിസ്റ്റന്‍റ് ആണ്.  ശബ്ദം മുഖേന മനുഷ്യരുമായി ആശയവിനിമയം നടത്താനും മ്യൂസിക്/ഓഡിയോബുക്ക് എന്നിവ പ്ലേ ചെയ്യാനും വാർത്തകൾ, കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും. മറ്റ് സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിച്ച് അതുവഴി ഒരു ഹോം ഓട്ടോമേഷൻ സംവിധാനമായി പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.

No comments