ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ആകെ 1591 പോളിംഗ് ബൂത്തുകൾ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്/സി.സി.ടി.വി
കാസർകോട്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 ഓക്‌സിലറി ബൂത്തുകളുമുള്‍പ്പെടെയാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി, പുതുതായി പേര് ചേര്‍ത്തവര്‍ ഉള്‍പ്പെടെ 2021 മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ആകെ 10,59,967 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 10,58,337 പേരും 1630 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 518501 പേര്‍ പുരുഷ•ാരും 5,41,460 പേര്‍ സ്ത്രീകളും ആറ് പേര്‍ ഭിന്നലിംഗക്കാരുമാണ്.
1989 വീതം പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ് ഓഫീസര്‍മാര്‍, 1591 പോളിംഗ് അസിസ്റ്റന്റുമാര്‍, 153 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയില്‍ തരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസര്‍വ് ഉള്‍പ്പെടെയാണിത്. ഇതിന് പുറമേ ബൂത്തുകളില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയ വോട്ടര്‍മാരുടെയും എ.എസ്.ഡി (ആബ്‌സന്റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് തയ്യാറാക്കി റിട്ടേണിങ് ഓഫീസര്‍മാര്‍ മുഖേന തുടര്‍നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതാണ്. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയാല്‍ അവരുടെ ഫോട്ടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 31 പ്രകാരമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.
പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.
പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും. അതത് റൂട്ട് ഓഫീസര്‍, കൗണ്ടര്‍ അസിസ്റ്റന്റ് എന്നിവരായിക്കും പോളിംഗ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസര്‍/ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍ നിന്നും സ്വീകരിക്കേണ്ടത്. റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്/സി.സി.ടി.വി
ജില്ലയിലെ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനവും 853 ബൂത്തുകളില്‍ സി സി ടി വി സംവിധാനവും സജ്ജമാക്കും. ജില്ലയില്‍ 44 ക്രിട്ടിക്കല്‍ ബൂത്തുകളും 61 വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. കാസര്‍കോട് സിവില്‍സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തയ്യാറാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍, പോലീസ് ഒബ്‌സര്‍വര്‍, എസ്പി എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും
No comments