Breaking News

രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന




ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗവ്യാപനം കൂടിയതും വാക്സിനേഷനിലുണ്ടായ കുറവും കാര്യങ്ങള്‍ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അറിയിച്ചു.



കൊവിഡ് ബാധിച്ചവരില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പരിചരണം ആവശ്യമുള്ളത്. ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം എല്ലാവരെയും ആശുപത്രിയിലെത്തിക്കുന്ന സ്ഥിതി രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.


അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23144 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. 1,97,894 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികളെ കൃത്യമായി ചികിത്സ നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. ഓക്‌സിജന്‍ കിട്ടാതെ നിരവധി പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. ഹരിയാനയിലും സമാനമായ അവസ്ഥയാണ്.


No comments