Breaking News

ഏപ്രില്‍ 24 -ന് പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാരില്‍ 50% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ അമ്പതുശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് ജീവനക്കാരെ കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.  ഏപ്രില്‍ 24 ശനിയാഴ്ച പൊതു അവധി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ക്ക് അവധി നല്‍കുകയാണ്. എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 24,25 തിയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകള്‍ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര്‍ എന്ന പരിധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇതോടൊപ്പം തന്നെ സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ സ്ഥാപന മേധാവികളുമായി ബന്ധപ്പെടുകയും ചെയ്യും.


No comments