ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം സര്‍വീസ്; പുതുക്കിയ പെര്‍മിറ്റ് പ്രാബല്യത്തില്‍ വന്നു
മാറ്റങ്ങളുമായി ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള അഖിലേന്ത്യാ പെർമിറ്റ് ചട്ടങ്ങൾ നിലവിൽവന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നു ലഭ്യമായ ഓതറൈസേഷനും പെർമിറ്റുമായി ചെക്ക്പോസ്റ്റിലേക്ക് വരുന്ന വാഹനങ്ങളെ ഫീസോ, നികുതിയോ ഈടാക്കാതെ കടത്തിവിടണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. ഏപ്രിൽ ഒന്നുമുതലാണ് പുതിയ സമ്പ്രദായം നിലവിൽവന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് വാഹനങ്ങൾക്ക് രാജ്യത്തുടനീളം സർവീസ് നടത്തുന്നതിനുള്ള 1993-ലെ മോട്ടോർ വാഹന നിയമം തിരുത്തിയാണ് ഈവർഷം ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (ഓതറൈസേഷൻ ഓർ പെർമിറ്റ്) ചട്ടം കൊണ്ടുവന്നത്. ഇതുപ്രകാരം ഓതറൈസേഷനും പെർമിറ്റിനും വാഹന ഉടമകൾ പരിവാഹൻ സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ഫീസടയ്ക്കുകയും വേണം. വാഹന ഉടമയ്ക്ക് ഫോറം രണ്ടിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നുമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റിലേക്ക് വരുന്ന വാഹനങ്ങളിൽനിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതിയും ഫീസും ഈടാക്കേണ്ടതാണ്. ഓതറൈസേഷൻ ലഭിച്ചിട്ടുള്ള വാഹനങ്ങൾക്ക് നിർദിഷ്ട ഫീസ് അടച്ച് പെർമിറ്റിന് അപേക്ഷ സമർപ്പിച്ചാൽ ഫോറം മൂന്നിൽ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഈ രണ്ടുരേഖകളുമായി വരുന്നവരിൽനിന്നാണ് ഫീസോ നികുതിയോ ഈടാക്കാൻ പാടില്ലാത്തത്.
ഇത്തരം വാഹനങ്ങളെ സംസ്ഥാനങ്ങളിലെ നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം-93 പ്രകാരം പെർമിറ്റും (ഫോറം-43) ഓതറൈസേഷനും (ഫോറം-46) എടുത്തുവരുന്ന വാഹനങ്ങളിൽനിന്ന് നികുതി തുടർന്നും ഈടാക്കേണ്ടതാണെന്നും കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. പെർമിറ്റിനുള്ള വാർഷിക ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവർക്ക് പുറമേ ഒൻപതുപേർക്ക് യാത്രചെയ്യാവുന്ന വാഹനങ്ങളിൽ 500 രൂപ ഓതറൈസേഷനും എ.സി.പെർമിറ്റിന് 25,000 രൂപയും അടയ്ക്കണം
നോൺ എ.സി.പെർമിറ്റിന് 15,000 രൂപയാണ് ഫീസ്. 10 മുതൽ 22 വരെ യാത്രക്കാർക്ക് പോകാവുന്ന വാഹനങ്ങൾക്ക് 750 രൂപ ഓതറൈസേഷന് അടയ്ക്കണം. എ.സി.ക്ക് 75,000 രൂപയും നോൺ എ.സി.ക്ക് 50,000 രൂപയുമാണ് നിരക്ക്. ഇരുപത്തിമൂന്നോ അതിൽ കൂടുതലോ യാത്രക്കാർക്കുള്ള വാഹനങ്ങൾ ആയിരം രൂപ ഓതറൈസേഷൻ ചാർജും മൂന്നുലക്ഷം രൂപ എ.സി. പെർമിറ്റിനും അടയ്ക്കണം. നോൺ എ.സി.ക്ക് രണ്ടുലക്ഷം രൂപയാണ് നിരക്ക്്. ത്രൈമാസ പെർമിറ്റിനുള്ള നിരക്ക് ഇതിന്റെ 30 ശതമാനം ആയിരിക്കും.
No comments