Breaking News

എൻഡിഎയുടെ തോൽവി; ഒ രാജഗോപാലിനെതിരെ സൈബർ ആക്രമണം




നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സമ്പൂർണമായി പരാജയപ്പെട്ടതിനു പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ സൈബർ ആക്രമണം. ബിജെപി- ആർഎസ്എസ് അനുകൂലികളുടെ അക്കൗണ്ടുകളിൽ നിന്നാണ് ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമൻ്റുകളായാണ് ആക്രമണം നടക്കുന്നത്. എൻഡിഎയുടെ തോൽവിക്ക് പിന്നിൽ ഒ രാജഗോപാലിനും പങ്കുണ്ടെന്നാണ് ഈ പ്രൊഫൈലുകളുടെ ആരോപണം.



‘ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’- ഇങ്ങനെയായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്.


കഴിഞ്ഞ കുറച്ച് നാളുകളായി രാജഗോപാലിൻ്റെ പ്രസ്താവനകൾ പാർട്ടിക്കുള്ളിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. നേമത്ത് ബിജെപിക്ക് വിജയസാധ്യതയില്ലെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേരളത്തിൽ ബിജെപി വേരുപിടിക്കാത്തത് മലയാളികൾക്ക് സാക്ഷരത കൂടുതൽ ഉള്ളതുകൊണ്ടാണെന്ന പ്രസ്താവനയും പാർട്ടിക്കുള്ളിലും അണികൾക്കിടയിലും അപ്രീതിക്ക് കാരണമായി. നിയമസഭയിൽ അവതരിപ്പിച്ച കാർഷിക പ്രമേയത്തെ രാജഗോപാൽ പിന്തുണച്ചതും പാർട്ടിയിൽ അതൃപ്തിയുണ്ടാക്കി.


No comments