പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു കാഞ്ഞങ്ങാട് സ്വദേശിയും പ്രവാസിയുമായ കുഞ്ഞിക്കണ്ണന്റെയും ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിലാസിനിയുടെയും മകനായ കിരണിന്റെ ഭാര്യയാണ് അശ്വതി
കാഞ്ഞങ്ങാട് :പാലക്കാട് അസിസ്റ്റന്റ് കലക്ടറായി സ്ഥാനമേറ്റ ഡോ. അശ്വതി ശ്രീനിവാസ് കാഞ്ഞങ്ങാടിന്റെ മരുമകൾ. ഹൊസ്ദുർഗ് വിനായക തിയറ്ററിന് സമീപത്തെ പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിലാസിനിയുടെയും മകനായ കിരണിന്റെ ഭാര്യയാണ് അശ്വതി. 2019 ലാണ് അശ്വതി സിവിൽ സർവീസിൽ പ്രവേശനം നേടിയത്. എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി കഴിഞ്ഞ ശേഷമാണ് സിവിൽ സർവീസ് രംഗത്തേക്ക് മാറണമെന്ന ആഗ്രഹം വന്നത്.
രണ്ടു തവണ പരീക്ഷയെഴുതി. മൂന്നാം ശ്രമത്തിലാണ് ദേശീയതലത്തിൽ 40-ാം റാങ്കും സംസ്ഥാനതലത്തിൽ മൂന്നാം റാങ്കും നേടി ഉന്നത വിജയം കൈവരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോകുലം മെഡിക്കൽ കോളജിലാണ് പഠനം പൂർത്തിയാക്കിയത്. കൊല്ലം കടപ്പാക്കട സ്വദേശിനിയാണ്. കാസർകോട് കെഎസ്ഇബി റിട്ട. എൻജിനീയർ ശ്രീനിവാസന്റെയും സിപിസിആർഐ റിട്ട. ശാസ്ത്രജ്ഞ ഡോ.ലീനയുടെയും മകളാണ്. കലക്ടർ മൃൺമയി ജോഷിയിൽ നിന്നാണ് സ്ഥാനമേറ്റത്.
No comments