Breaking News

ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി; കോവിഡ് ലക്ഷണങ്ങളുള്ള 500ലധികം ആളുകളെ ആശുപത്രിയിലെത്തിച്ചു മാതൃകയായി പയ്യന്നൂർ വെള്ളൂർ സ്വദേശി പ്രേമചന്ദ്രൻ


കോവിഡ് പ്രതിസന്ധിയിൽ രോ​ഗികൾക്ക് സഹായമായി സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് പയ്യന്നൂർ വെള്ളൂർ സ്വദേശിയായ പ്രേമചന്ദ്രൻ എന്ന 51കാരൻ. ഗൾഫിൽ നിന്നെത്തിയ കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഒരു ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്നാണ് തന്റെ ഓട്ടോറിക്ഷയെ ആംബുലൻസ് സേവനത്തിനായി ഉപയോ​ഗിക്കാൻ തുടങ്ങിയത്. അതിനുശേഷം കോവിഡ് ലക്ഷണങ്ങളുള്ള അഞ്ഞൂറോളം ആളുകളെയാണ് സമയബന്ധിതമായി ചികിത്സ ലഭിക്കാൻ പ്രേമചന്ദ്രൻ തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.


'ഗൾഫിൽ നിന്നെത്തിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെ നിരവധി ആളുകൾ എന്നെ വിളിക്കാൻ തുടങ്ങി. ലോക്ക്ഡൗൺ സമയത്ത് ആവശ്യക്കാരെ ആശുപത്രിയിൽ എത്തിക്കാൻ ആശ വർക്കർമാരും പ്രാദേശിക അധികൃതരും എന്നെ ചുമതലപ്പെടുത്തി. മിക്കവാറും ആളുകൾക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ പലരും അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായിരുന്നില്ല' - പ്രേമചന്ദ്രൻ എഎൻഐയോട് പറഞ്ഞു.

ഓരോ തവണ രോഗികളെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും ഓട്ടോറിക്ഷ അണുവിമുക്തമാക്കാറുണ്ട് എന്നും പ്രേമചന്ദ്രൻ പറയുന്നു. 'ആദ്യത്തെ കോവിഡ് തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമയത്ത് ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ കൂടാൻ തുടങ്ങി. അവരിൽ പല രോഗികൾക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതിനുശേഷം ഏതാണ്ട് 500 പേരെ തന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രേമചന്ദ്രൻ പറയുന്നു. നിലവിലെ ലോക്ക്ഡൗണിലും ഇദ്ദേഹം ഈ സേവനം തുടരുന്നു.

കഴിഞ്ഞ മുപ്പത് വർഷക്കാലമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പ്രേമചന്ദ്രൻ ഈ മഹാമാരിക്കാലത്ത് ആളുകൾ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ തന്റെ തൊഴിൽ ഒരു സേവനമായാണ് കാണുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തന്റെ ഭാര്യ ലതിക, മക്കളായ അഖിൽ, ആദിത്, അമ്മ കല്യാണി എന്നിവർ തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറയുന്നു. ഓട്ടോറിക്ഷക്കുള്ളിൽ കോവിഡ് പകരാതിരിക്കാനായി മൂന്ന് വശത്തും പ്ലെക്സിഗ്ലാസ് കൊണ്ട് മറച്ചിട്ടുണ്ട്. അത് കോവിഡ് ബാധ ഉണ്ടാകാതിരിക്കാൻ തനിക്ക് ഒരു കവചമാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

No comments