ഐടി നിയമഭേദഗതി അംഗീകരിച്ചില്ല; ഫെയ്സ്ബുക്കിനും ട്വിറ്ററിനും പൂട്ടുവീണേക്കും
ഇന്ത്യയിൽ ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് പൂട്ടുവീഴാൻ സാധ്യത. കേന്ദ്രസർക്കാരിന്റെ പുതിയ ഐ ടി നിയമഭേദഗതി അംഗീകരിക്കാത്തതാണ് നടപടിക്ക് വഴിയൊരുക്കുന്നത്.
2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് നൽകിയിരുന്നത്. സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല. അമേരിക്കയിലെ ഹെഡ്ഓഫീസിൽനിന്നും മറുപടിക്ക് കാക്കുകയാണെന്നും സമയം നീട്ടിനൽകണമെന്നുമാണ് ഈ കമ്പനികളുടെ ആവശ്യം. രണ്ട് ദിവസത്തിനകം നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യുമെന്നാണ് സൂചന.
മാധ്യമങ്ങൾക്ക് എത്തിക്സ് കോഡ് നിർദ്ദേശിക്കുന്നതും ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം എന്നതുമുൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ നിയമം. ഈ നിയമം ഇന്ത്യൻ ഒഫീഷ്യലുകൾക്ക് വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആക്ഷേപകരമായ പോസ്റ്റുകൾ നീക്കുന്നതും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതുമുൾപ്പെടെയുള്ള വിഷയങ്ങളിൽ തീർപ്പ്കൽപ്പിക്കാനും സ്വമേധയ നടപടി എടുക്കാനുമുള്ള അധികാരം നൽകുന്നു. ഇന്ത്യയിലെ സമൂഹമാധ്യമ ഉപഭോക്താക്കൾക്ക് പരാതി ഉന്നയിക്കേണ്ടത് എവിടെയാണെന്ന ധാരണപോലുമില്ലാത്ത നിലവിലെ സാഹചര്യത്തിന് പരിഹരമാകും ഈ ഐ ടി നിയമങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായും പുതിയ നിയമഭേദഗതിക്കെതിരെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
No comments