Breaking News

സീരിയലുകൾക്ക് സെൻസറിംഗ് ഏർപ്പെടുത്തും'; സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ


ടി.വി. സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തുന്ന കാര്യം ഗൗരവകരമായി പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സീരിയലുകൾ വഴി അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകർ.

2019ൽ 28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കവേ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ നൽകിയിരുന്നില്ല. "മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നൽകേണ്ടതില്ല" എന്നാണ് ജൂറി വിലയിരുത്തിയത്.

കഥാ വിഭാഗം ചെയർമാനായി കെ. മധുപാൽ, കഥേതര, രചനാ വിഭാഗങ്ങളിൽ യഥാക്രമം ഓ.കെ. ജോണി, എ. സഹദേവൻ എന്നിവർ നയിക്കുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവിൽ വരും എന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ മാതൃകയായ സംസ്ഥാനമാണ് കേരളം. 'രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും' മന്ത്രി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 'പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളാണ് ജനങ്ങള്‍ കാണുന്നതെന്ന്' മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമുകൾക്കു ലഭിച്ച സ്വീകാര്യതയുടെ കാര്യത്തിലും പരിഗണനയുണ്ട്. സർക്കാർ നേതൃത്വത്തിൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമാ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കേജ് കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്.

കോവിഡ് ബാധയ്‌ക്കു ശേഷം സിനിമാ മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിക്കുകയാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ തിയേറ്ററുകൾ തുറന്നു ഏതാനും റിലീസുകൾ ഉണ്ടാവുകയും, ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തെങ്കിലും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജീവിതം ബുദ്ധിമുട്ടിലായിരിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ ഉടലെടുത്തത്. നാടക മേഖലയിലും സമാന സാഹചര്യം നിലനിൽക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നാടകാവതരണവും നാടക പ്രവർത്തനവും താളം തെറ്റിയ അവസ്ഥയാണ് സംസ്ഥാനത്ത്.

No comments