Breaking News

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.


ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെ.മി. വീതം മഴ ലഭിച്ചു. കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം ലഭിച്ചത് 20 സെ.മി. മഴയാണ്. ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം കേരളതീരത്ത് 55 കി.മി. വേഗതയിൽ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


തമിഴ്നാട്, ഗോവ തീരങ്ങളിലും ശക്തമായ മഴയുണ്ടാകും. ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്തിലെ പോർബന്തറിൽ ടൗട്ടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. ഗുജറാത്ത് തീരങ്ങളിൽ സുരക്ഷയൊരുക്കാൻ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സേന ഭുവനേശ്വറിൽ നിന്ന് പുറപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘം സജ്ജമാണ്.



 

No comments