ചെസ്സ് കേരളയുടെ കോവിഡ് വാക്സിൻ ചാലഞ്ച് ചെസ്സ് ഗ്രാൻഡ് പ്രീ മത്സര പരമ്പര നാളെ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും
ചെസ്സ് കേരള സംഘടിപ്പിക്കുന്ന കോവിഡ് വാക്സിൻ ചാലഞ്ച് ചെസ്സ് ഗ്രാൻഡ് പ്രീ മത്സര പരമ്പരയുടെ ഔപചാരികമായ ഉദ്ഘാടനം മെയ് 30 ന് വൈകുന്നേരം 7 മണിക്ക് കേരളത്തിൻ്റെ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ,ചെസ്സ് കേരള പ്രസിഡണ്ട് പ്രൊഫ. എൻ. ആർ. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഓൺലൈനായി നിർവ്വഹിക്കും.
കേരളത്തിൻ്റെ കൊറോണ പ്രതിരോധത്തെ പിന്തുണക്കുവാനായി ചെസ്സ് കളിക്കാരുടെ സംഘടനയായ ചെസ്സ് കേരള സംഘടിപ്പിക്കുന്ന ഗ്രാൻഡ് പ്രീ മത്സരങ്ങൾ മെയ് 30 മുതൽ ജൂലായ് 25 വരെ ഞായറാഴ്ചകളിൽ ലീചെസ്സ്(lichess.org) ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും.
ഇന്ത്യൻ സമയം വൈകുന്നേരം 8 മണിക്കാരംഭിക്കുന്ന മത്സരങ്ങളിലേക്ക് ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ കളിക്കാർക്കും പ്രവേശനം സൗജന്യമാണ്. വിജയികൾക്ക് 30,000 രൂപയുടെ കാഷ് അവാർഡുകളും സമ്മാനിക്കുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് കേരളത്തിന് കോവിഡ് വാക്സിൻ വാങ്ങുന്നതിനായി 300 രൂപയോ കൂടുതലോ സംഭാവനയായി നൽകാവുന്നതാണ്. ഇപ്രകാരം സ്വരൂപിക്കുന്ന സംഭാവനകൾ മുഴുവനും ചെസ്സ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതായിരിക്കും.
ചെസ്സ് ഒളിമ്പ്യൻ എൻ.ആർ.അനിൽകുമാർ, ഫിഡെ മാസ്റ്റർ എം.ബി.മുരളീധരൻ, അന്തർദേശീയതാരം ജോ പറപ്പിള്ളി, ഇൻറർനാഷണൽ റേറ്റഡ് താരങ്ങളായ കെ.ഹരിദാസ്, വി.എൻ.രാജേഷ്, ശ്രീകുമാർ കെ.സി., ഡോ. വിനുഭാസ്ക്കർ, സലിം യൂസഫ്, ഡോ. എസ്.രാമലിംഗം, വി.എം. ജിഷോർ, ആർ.രമേഷ്, അശോകൻ കെ, പ്രേംചന്ദ് തുടങ്ങിയ കളിക്കാരും പി. സുഖേഷ്, വാസുദേവൻ നീലകണ്ഠൻ ഉണ്ണി, താരാദേവി സുനിൽകുമാർ എന്നീ ചെസ്സ് രക്ഷിതാക്കളും നേതൃത്വം വഹിക്കുന്ന ചെസ്സ് കേരള, സംസ്ഥാനത്തെ ചെസ്സ് വളർച്ചക്കും കളിക്കാരുടെ ക്ഷേമത്തിനുമായി ഇതിനകം നിരവധി മത്സരങ്ങളും മറ്റു പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചെക്ക് മെയ്റ്റ് കോവിഡ് 19 എന്ന അന്താരാഷ്ട്ര ടൂർണമെന്റ് സംഘടിപ്പിച്ചും
അതിനുമുമ്പ് പ്രളയകാലത്തും ഫണ്ട് സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിരുന്നു. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന കളിക്കാരെ സഹായിക്കാനായി ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും അതുവഴി സ്വരൂപിച്ച ഫണ്ട് വിവിധ ജില്ലകളിൽ അർഹതപ്പെട്ട കളിക്കാർക്ക്
ജീവനോപാധികളായും സഹായധനമായും വിതരണം ചെയ്തിട്ടുണ്ട്.
ചെസ്സ് കേരള കോവിഡ് വാക്സിൻ ചാലഞ്ച് ഗ്രാൻഡ് പ്രീ മത്സര പരമ്പരയുടെ വിശദാംശങ്ങൾ www.chesskerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. 9605231010, 9567439820, 9497380458, എന്നിവയാണ് ഹെൽപ്പ് ഡെസ്ക്ക് നമ്പറുകൾ.
No comments