കോവിഡ് പ്രതിസന്ധിയിൽ ജോലിക്ക് പോകാൻ കഴിയാത്തവരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യധാന്യ കിറ്റുകളെത്തിച്ച് കരുതലിൻ്റെ സ്നേഹസ്പർശമായി കാഞ്ഞങ്ങാട് നന്മമരം
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരികാലത്ത് ജോലിക്കുപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ആശ്വാസമായി നന്മമരം കൂട്ടായ്മ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.
അജാനൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് വെള്ളംതട്ട എസ്. ടി കോളനിയിലാണ് നന്മമരം പ്രവർത്തകർ സഹായ ഹസ്തവുമായി എത്തിയത്.
കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചതോടെ പല കുടുംബങ്ങളും പൂർണമായും ക്വാറന്റൈനിൽ കഴിയേണ്ട സ്ഥിതിയിൽ ആയിരുന്നു.
കോളനിയിലെ 36 കുടുംബങ്ങൾക്കും 15 ദിവസത്തേക്ക് ആവശ്യമായ മുഴുവൻ ഭക്ഷ്യ ധാന്യങ്ങളും നന്മമരം പ്രവർത്തകർ എത്തിച്ചു നൽകുക ഉണ്ടായി. ഒപ്പം 400 സർജിക്കൽ മാസ്ക്കുകളും നൽകി.
റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്കായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസി നന്മരത്തിനു കൈമാറിയ കിറ്റുകൾ കൊണ്ടാണ് വെള്ളംതട്ടയിലെ കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞത് എന്ന് പ്രസിഡന്റ് സലാം കേരള, സെക്രട്ടറി എൻ ഗംഗാധരൻ എന്നിവർ പറഞ്ഞു.
അജാനൂർ പഞ്ചായത്ത് മെമ്പർമാരായ മിനി.പി, ബാലകൃഷ്ണൻ എന്നിവർ കിറ്റ് ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ് കണ്ണോത്ത്, രതീഷ്, അഗേഷ് എന്നിവർ പങ്കെടുത്തു.
നന്മമരം കാഞ്ഞങ്ങാടിന്റെ ഭാരവാഹികൾ ആയ ഉണ്ണികൃഷ്ണൻ കിനാനൂർ, ഹരി നോർത്ത്കോട്ടച്ചേരി, ബിബി ജോസ്, സി. പി ശുഭ, ടി. കെ വിനോദ് മടിയൻ, രേണുക വേണു ഗോപാൽ എന്നിവർ നേതൃത്വം നൽകി.
No comments