സര്‍ക്കാര്‍ രൂപവത്ക്കരണം: സി പി എമ്മിന്റെ നിര്‍ണായക സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം | പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ചും ആരൊക്കെ മന്ത്രിയാകണമെന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായി സി പി എമ്മിന്റെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ രൂപവത്ക്കരണം തന്നെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന അജന്‍ഡ. ഘടകക്ഷികള്‍ക്കുള്ള പ്രാതിനിധ്യം സംബന്ധിച്ച് സെക്രട്ടേറിയറ്റ് ഏകദേശ രൂപം തയ്യാറാക്കും. ഇന്ന് തന്നെ തുടര്‍ന്ന് സി പി ഐയുായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് സെക്രട്ടേറിയറ്റ് യോഗം.
പുതിയ കക്ഷികള്‍ മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ സി പി എം തങ്ങളുടെ മന്ത്രിമാരുടെ എണ്ണത്തില്‍ നിന്ന് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ അവസരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, കെ രാധകൃഷ്ണന്‍, എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം അവലോകനം ചെയ്യുന്നതിനായി സി പി എം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം നേടിയ കേരളത്തോടൊപ്പം പശ്ചിമ ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള അവലോകനമാകും യോഗത്തില്‍ പ്രധാനമായും നടക്കുക.
ചരിത്രത്തില്‍ ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ അവലോകനം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലെ ഉണ്ടാകൂവെന്ന് നേതാക്കള്‍ അറിയിച്ചു. കൊവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. കേരളത്തില്‍ 99 സീറ്റാണ് ഇടതിന് ലഭിച്ചത്.
No comments