Breaking News

ഇരട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം: 29 ലാപ്‌ടോപ്പുകൾ കവർന്നു


കണ്ണൂർ: ഇരട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 29 ലാപ്‌ടോപ്പുകൾ മോഷണം പോയി. ഐടി പരീക്ഷ നത്തുന്നതിനായാണ് ഇത്രയും ലാപ്‌ടോപ്പുകൾ റൂമിൽ സജ്ജീകരിച്ചത്. ലാബിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ലാപ്‌ടോപ്പുകളും മോഷ്ടാക്കൾ കവർന്നു.

സ്‌കൂളിന്റെ പിറക് വശത്തുള്ള ഗ്രിൽസ് തകർത്ത് സ്‌കൂളിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. വാക്‌സിനേഷൻ സെന്ററായി നഗരസഭ സ്‌കൂൾ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ഓഫീസ് പ്രവർത്തനം അനിശ്ചിത കാലത്തേയ്ക്ക് നിർത്തി വച്ചിരുന്നു.


ഇന്നലെ സ്‌കൂൾ ജീവനക്കാർ സ്‌കൂളിലെ പ്രധാന മുറികൾ പരിശോധിക്കവെയാണ് ലാപ്‌ടോപ്പുകൾ നഷ്ടമായത് തിരിച്ചറിഞ്ഞത്. 25000 രൂപ മുതൽ 280000 രൂപ വരെ വിലമതിയ്ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളായി നൽകിയ ലാപ്‌ടോപ്പാണ് മോഷണം പോയത്. ഇതെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വിലവരും.


കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും ഫൊറെൻസിക് വിദഗ്ധരും സ്‌കൂളിലെത്തി പരിശോധന നടത്തും. കഴിഞ്ഞ ലോക്ഡൗൺ സമയത്തും സ്‌കൂളിൽ മോഷണം നടന്നിരുന്നു. അന്ന് രണ്ട് കംപ്യൂട്ടറും രണ്ട് ലാപ്‌ടോപ്പും യുപിഎസുമാണ് മോഷ്ടാക്കൾ കവർന്നത്.

No comments