Breaking News

'വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം'; ലോക്ക്ഡൗണിൽ പുറത്തിറങ്ങിയ യുവാവിന്‍റെ സത്യവാങ്മൂലം!


കാസര്‍ഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയെങ്കിലും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ ഒരു കുറവുമില്ല. ലോക്ക്ഡൗൺ ലംഘനത്തിനും മാസ്ക്ക് ധരിക്കാത്തതിനും ദിവസവും നൂറുകണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അനാവശ്യ കാര്യങ്ങൾക്കായി കള്ള സത്യവാങ്മൂലം എഴുതിവെച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം കാസർകോട് ഇത്തരത്തിൽ കറങ്ങി നടന്ന യുവാവിന്‍റെ സത്യവാങ് മൂലം കണ്ട് പൊലീസ് ശരിക്കും അമ്പരന്നുപോയി. 'വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം' എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്. വാഹന പരിശോധനയ്ക്കിടെയാണ് യുവാവിന്റെ സത്യവാങ്മൂലം പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് വല്യമ്മയുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെ, അവിടെ ചക്ക ഇല്ലെന്ന് മനസിലായി. ഇയാൾ അനാവശ്യമായി പുറത്തിറങ്ങിയതാണെന്ന് മനസിലായതോടെ പൊലീസ് മടക്കി അയച്ചു. ഇത്തരത്തില്‍ നിരവധി ആളുകളാണ് അത്യാവശ്യ കാരണങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങുന്നതെന്ന് പോലീസ് പറയുന്നു.

പലപ്പോഴും സത്യവാങ്മൂലത്തിലെ വസ്തുതകൾ തെരഞ്ഞു പോകാൻ പൊലീസ് മെനക്കെടാറില്ല. എന്നാൽ ചിലപ്പോഴെങ്കിലും സത്യവാങ്മൂലം വിശദമായി പരിശോധിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ ആളെ തിരിച്ചയയ്ക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കുതിരയുമായി കറങ്ങാൻ ഇറങ്ങിയ യുവാവ് പിടിയിലായിരുന്നു. പലപ്പോഴും മെഡിക്കൽ ആവശ്യങ്ങൾ പറഞ്ഞു പുറത്തിറങ്ങുന്നവരുടെ യഥാർഥ ഉദ്ദേശം മനസിലാക്കാൻ പൊലീസിന് സാധിക്കാറുമില്ല.


മെഡിക്കൽ ആവശ്യങ്ങളെന്ന് പറഞ്ഞു പുറത്തിറങ്ങുന്നവരിൽ പലരും പഴയ മെഡിക്കൽ രേഖകളാകും കൈയിൽ കരുതുക. കുറച്ചു ദിവസം മുമ്പ് കാസർകോട് ഇത്തരത്തിൽ ഒരാളെ പൊലീസ് പിടികൂടി മടക്കി അയച്ചിരുന്നു. 2017ൽ ഡോക്ടറെ കണ്ടതിന്‍റെ രേഖകളുമായാണ് ഒരു യുവാവ് വാഹനത്തിൽ വന്നത്. എന്നാൽ വിശദമായി ചോദ്യം ചെയ്തതോടെ യുവാവ് കുടുങ്ങി. ഒടുവിൽ ഡോക്ടറെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ, തുടർച്ചയായി കഴിക്കേണ്ട മരുന്നല്ല, യുവാവിന് നൽകിയതെന്ന് വ്യക്തമാക്കിയതോടെ ഇയാൾക്കെതിരെ ലോക്ക്ഡൌൺ ലംഘനത്തിന് കേസെടുത്ത് മടക്കി അയയ്ക്കുകയായിരുന്നു.

No comments