കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട: ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ബേര്‍ക്ക റോഡിലെ മുഹമ്മദ് ഹനീഫ (41), ചെങ്കള മേനങ്കോട്ടെ മുഹമ്മദ് റഹീസ് (23) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ചെട്ടുംകുഴി റോഡിന് സമീപം വെച്ചാണ് കഞ്ചാവ് കടത്ത് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് കത്തി, വടിവാള്‍, പിസ്റ്റള്‍ തുടങ്ങിയ മാരകായുധങ്ങളും കണ്ടെടുത്തു. ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അറസ്റ്റിലായവരില്‍ ടൂറിസ്റ്റ് ബസ് ഉടമയുടെ മകനുമുണ്ട്. ടൂറിസ്റ്റ് ബസുകളില്‍ പൊതുവേ പരിശോധന ഇല്ലാത്തത് കഞ്ചാവ് കടത്ത് സംഘം മറയാക്കുന്നതായാണ് സൂചന.
നാര്‍ക്കോട്ടിസ് സെല്‍ ഡി.വൈ.എസ്.പി ടി.പി പ്രേംരാജ്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാം, വിദ്യാനഗര്‍ സി.ഐ ശ്രീജിത് കൊടേരി, എസ്.ഐമാരായ നാരായണന്‍, സി.കെ ബാലകൃഷ്ണന്‍, എ.എസ്.ഐമാരായ ലക്ഷ്മീ നാരായണന്‍, അബൂബക്കര്‍ കല്ലായി, ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, വിജേഷ്, രാജേഷ് മാണിയാട്ട്, നികേഷ്, ജിനേഷ്, സജീഷ്, ശ്രീജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments