Breaking News

മലബാറിൽ മാത്രമൊതുങ്ങി മുസ്ലീം ലീഗ്; അഴീക്കോടും കളമശേരിയും കൈവിട്ടു മഞ്ചേശ്വരവും കാസർഗോഡും മികച്ച വിജയം


മലപ്പുറം: ഇടതുതരംഗത്തിൽ യുഡിഎഫ് കോട്ടകൾ ആടിയുലഞ്ഞു. മുന്നണിയിലെ മുൻനിര നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും പിടിച്ചുനിന്നത് ആശ്വാസരകരമായി. എന്നാൽ മുന്നണിയിലെ രണ്ടാമൻമാരായ മുസ്ലീം ലീഗിന് തിരിച്ചടി നേരിട്ടു. പാർട്ടി മലബാറിൽ മാത്രമായി ഒതുക്കപ്പെട്ടുവെന്നതാണ് ഇതിൽ പ്രധാനം. കണ്ണൂരിലെ അഴീക്കോട്ടും, എറണാകുളത്തെ കളമശേരിയിലും തുടർച്ചയായി ജയിച്ചുവന്ന സീറ്റുകൾ കൈവിട്ടത് ലീഗിന് കനത്ത തിരിച്ചടിയായി.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അധികമായി മൂന്നു സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗ് വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2016നെ അപേക്ഷിച്ച് രണ്ടു സീറ്റ് കുറയുകയാണ് ഉണ്ടായത്. 2016ൽ 24 സീറ്റിൽ മത്സരിച്ച ലീഗ് 18 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ 27 സീറ്റിൽ മത്സരിച്ചപ്പോൾ ലഭിച്ചതാകട്ടെ 16 സീറ്റ് മാത്രം.


എം കെ മുനീർ മത്സരിച്ചിരുന്ന കോഴിക്കോട് സൌത്ത് നഷ്ടമായെങ്കിലും, അദ്ദേഹത്തിലൂടെ കൊടുവള്ളി പിടിച്ചെടുത്തത് ലീഗിന് ആശ്വാസകരമാണ്. കാൽ നൂറ്റാണ്ടിനുശേഷം ഒരു വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കിയാണ് കോഴിക്കോട് സൌത്തിൽ ഇത്തവണ ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ നുർബിന റഷീദിന് ജയിച്ചു കയറാനായില്ല. കഴിഞ്ഞ തവണ പാറക്കൽ അബ്ദുള്ളയിലൂടെ പിടിച്ചെടുത്ത കുറ്റ്യാടി മണ്ഡലം ഇത്തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായതും ലീഗിന് ക്ഷീണമായി. വെറും 490 വോട്ടുകൾക്കാണ് കുറ്റ്യാടിയിൽ സിപിഎമ്മിന്‍റെ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പാറക്കൽ അബ്ദുള്ളയെ തോൽപ്പിച്ചത്.



മലബാറിന് പുറത്ത് ഉണ്ടായിരുന്ന കളമശേരി സീറ്റ് നഷ്ടപ്പെട്ടതാണ് ലീഗിനെ സംബന്ധിച്ചിടത്തോളം മറ്റൊരു തിരിച്ചടി. പാലാരിവട്ടം പാലം അഴിമതി ചർച്ചയായ ഇവിടെ സിപിഎമ്മിലെ കരുത്തനായ പി രാജീവാണ് ജയിച്ചത്. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വി എ അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയ നീക്കം പിഴച്ചു. 11132 വോട്ടുകൾക്കായിരുന്നു കളമശേരിയിൽ പി രാജീവ് ജയിച്ചത്. കളമശേരിയിലേത് പോലെ അഴിമതി ചർച്ചയായ അഴീക്കോടും ലീഗിന് തോൽവി നേരിട്ടു. നിയമസഭയിൽ ലീഗിന്‍റെ കരുത്തരിൽ ഒരാളായിരുന്ന കെ എം ഷാജിയാണ് അവിടെ തോറ്റത്. സിപിഎമ്മിലെ കെ വി സുമേഷാണ്, കെ എം ഷാജിയെ തോൽപ്പിച്ചത്. തെക്കൻ കേരളത്തിൽ പുനലൂരിലാണ് ലീഗ് മത്സരിച്ച മറ്റൊരു മണ്ഡലം. ഇവിടെ, മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണ് വമ്പൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

മുസ്ലീം ലീഗ് ശക്തികേന്ദ്രമായ മലപ്പുറത്ത് കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്താനായത് ആശ്വാസകരമായെങ്കിലും പല മണ്ഡലങ്ങളിലും തോൽവിയെ മുഖാമുഖം കണ്ടാണ് ലീഗ് വിജയിച്ചത്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം ജയിച്ചത് വെറും 38 വോട്ടുകൾക്ക് മാത്രമായിരുന്നു. വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലും ഗണ്യമായ കുറവുണ്ടായത് ലീഗ് കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിൽ മത്സരിച്ച കെ പി എ മജീദ്, ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് കരുതി. എന്നാൽ അവസാന റൌണ്ട് വോട്ടെണ്ണലിൽ അദ്ദേഹം വിജയത്തിലേക്ക് തിരിച്ചുവരികയായിരുന്നു. മലപ്പുറം മണ്ഡലത്തിൽ ജയിച്ച പി ഉബൈദുള്ളയാണ് ലീഗിന് വേണ്ടി മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയത്. അദ്ദേഹത്തിന് 35000ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

മുസ്ലിംലീഗ് ജയിച്ച മണ്ഡലങ്ങള്‍

വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം- പി. ഉബൈദുള്ള
മഞ്ചേരി- യു.എ. ലത്തീഫ്
വള്ളിക്കുന്ന്- പി. അബ്ദുള്‍ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പി.എ. മജീദ്
കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട- മഞ്ഞളാംകുഴി അലി
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
ഏറനാട്- പി.കെ. ബഷീര്‍
കൊണ്ടോട്ടി- ടി.വി. ഇബ്രഹിം
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മണ്ണാര്‍ക്കാട്- എന്‍. ഷംസുദ്ദീന്‍
കൊടുവള്ളി- എം.കെ. മുനീര്‍
മഞ്ചേശ്വരം - എ.കെ.എം. അഷ്റഫ്
കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന്

No comments