വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വിവാഹവേദിയിലെത്തി കല്യാണം മുടക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ വാർത്ത വൈറലായിരുന്നു. ത്രിപുരയിലെ ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാർ ജാദവ് ആണ് വിവാഹം മുടക്കിയതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയത്. വിവാഹവേദിയിലെത്തി വിവാഹം നിർത്തിവെക്കുന്ന മജിസ്ട്രേറ്റിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിൽ ശൈലേഷ് കുമാർ ഹാജരായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ നിർദേശപ്രകാരം രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾകൊള്ളിച്ചാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.
കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് താൻ ശ്രമിച്ചതെന്നായിരുന്നു മജിസ്ട്രേറ്റിന്റെ വിശദീകരണമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ക്രമസമാധാനപാലനം നടപ്പാക്കുകയും കോവിഡ് -19 ന്റെ വ്യാപനം തടയുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും താൻ ചെയ്ത കാര്യത്തിൽ ഉറച്ച് നിൽക്കുന്നു എന്നുമായിരുന്നു കമ്മിറ്റിക്ക് മുന്നിൽ മജിസ്ട്രേറ്റ് പറഞ്ഞത്.
മജിസ്ട്രേറ്റിനെതിരെ നിരവധി രാഷ്ട്രീയ പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ശൈലേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ അശീഷ് ഷാ, സുശാന്ത ചൗധരി എന്നിവർ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു.
No comments