Breaking News

പ്ലാസ്റ്റിക്ക് ഷീറ്റിനടിയിലെ ഒറ്റമുറി കൂരയിൽ ഭയന്നു വിറങ്ങലിച്ച് കോട്ടഞ്ചേരിയിലെ ഒരു കുടുംബം


[കൊന്നക്കാട്: മഴ കനക്കുമ്പോള്‍ ബളാല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കോട്ടഞ്ചേരി കോളനിയിലെ  സുന്ദരിയ്ക്കും മക്കള്‍ക്കും ഉള്ളില്‍ തീയാണ്. മഴ ശക്തമാകുന്നതോടെ ഓലകൊണ്ടും ഷീറ്റുകൊണ്ടും മറച്ചുണ്ടാക്കിയ ഒറ്റമുറി കൂരയിലേക്ക് വെള്ളം ഇറങ്ങും പിന്നെ ഉറക്കമുണ്ടാവില്ല. ഈ മഴക്കാലം കഴിയുമ്പോള്‍ ഉള്ള കൂര കൂടി നിലംപൊത്തുമോയെന്ന ആശങ്കയിലാണ് സുന്ദരി. ഭര്‍ത്താവ് പപ്പനും മക്കളായ രതീഷും,രേഷ്മയും രാഹുലും അടങ്ങുന്നതാണ് സുന്ദരിയുടെ കുടുംബം. രേഷ്മയും രാഹുലും മലോത്ത് കസബ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

 "താഴെ തറവാട്ടില്‍ ടീവിയുള്ളതുകൊണ്ട് ഇവരുടെ ഓണ്‍ലൈന്‍ ക്ലാസിന് മുടക്കം വന്നില്ലെന്നത് ഭാഗ്യം. വീടിനു വേണ്ടി പഞ്ചായത്തില്‍ കുറെ കയറി ഇറങ്ങി. ലൈഫില്‍ വീടും അനുവദിച്ചു. ഓരോ പ്രാവശ്യവും ഓരോ പേപ്പര്‍ വേണമെന്ന് പഞ്ചായത്തില്‍ നിന്ന് പറയും. പണിയും കളഞ്ഞ് ഇല്ലാത്ത പൈസയും മുടക്കി പേപ്പറുണ്ടാക്കി പഞ്ചായത്തില്‍ കൊടുക്കും. പക്ഷെ പിന്നെ അങ്ങോട്ട് ഒന്നുമില്ല.. അനുവദിച്ച വീടെങ്കിലും ഒന്ന് കിട്ടിയാ മതിയായിരുന്നു. മഴ കൊള്ളാതെ ഞങ്ങള്‍ക്ക് കിടക്കാലോ " സുന്ദരി പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ശൗചാലയം ഏത് നേരവും വീഴാവുന്ന തരത്തിലാണ്. അധികൃതർ എത്രയും പെട്ടെന്ന് കണ്ണ് തുറന്ന് ഈ കുടുംബത്തിന് മഴ നനയാതെ കിടക്കാൻ അടച്ചുറപ്പുള്ള വീട് യാഥാർത്ഥ്യമാക്കേണ്ടത് അത്യാവശ്യമാണ്. 

ഈ കുടുംബത്തിന്

ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതാണെന്നും എല്ലാ നടപടികളും പൂർത്തീകരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വന്നതെന്നും അതിനാലാണ് കാലതാമസം വന്നതെന്നും ഉടൻ തുടർ നടപടികൾ ഉണ്ടാകുമെന്നും ബളാൽ ഗ്രാമപഞ്ചായത്തംഗം മോൻസി ജോയി പറഞ്ഞു.

No comments