ഒപ്പമുണ്ടായിരുന്നയാൾ അന്ത്യവിശ്രമത്തിലും ഒപ്പം; വീട്ടുജോലിക്കാരനും കുടുംബക്കല്ലറയിൽ ഇടമൊരുക്കി ഒരു കുടുംബം
കണ്ണൂർ: വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം ഒരുക്കി ഒരു കുടുംബം. രാജഗിരി ഇടവകയിലെ കളപ്പുരയ്ക്കൽ കുടുംബാംഗങ്ങളാണ് വീട്ടുജോലിക്കാരൻ ദേവസ്യയ്ക്ക് തങ്ങളുടെ മാതാപിതാക്കൾക്ക് സമീപത്തായി കുടുംബക്കല്ലറയിൽ ഇടമൊരുക്കിയത്.
ഏറെക്കാലമായി കളപ്പുരയ്ക്കൽ കുടുംബത്തിലെ ജോലിക്കാരനായിരുന്ന ദേവസ്യ കോവിഡ് ബാധിച്ചാണ് മരിച്ചത്. അവിവാഹിതനായ ദേവസ്യ വീട്ടുകാർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പി ആയിരുന്നു. കളപ്പുരയ്ക്കൽ മൈക്കിൾ-ദേവസ്യ കുടുംബത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്കെത്തിയതാണ് ദേവസ്യ. ഈ ദമ്പതിമാരുടെ മരണശേഷം കരുവാഞ്ചലിലെ ഒരു അഗതി മന്ദിരത്തിൽ കുടുംബാംഗങ്ങൾ ദേവസ്യക്കായി പ്രത്യേകം മുറി ഒരുക്കുകയും ചെയ്തു. മാസംതോറും 10,000 രൂപയും നൽകിയിരുന്നു. പലവിധ രോഗങ്ങൾ അലട്ടിയപ്പോൾ കണ്ണൂർ തണൽ സ്നേഹവിട്ടീലേക്ക് മാറ്റി.
ഇതിനിടെയാണ് രോഗബാധിതനായത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം തന്നെ ദേവസ്യയെയും സംസ്കരിക്കാൻ മൈക്കിൾ–ത്രേസ്യാമ്മ ദമ്പതികളുടെ മക്കൾ തീരുമാനിച്ചത്. അങ്ങനെ കളപ്പുരയ്ക്കൽ കുടുംബക്കല്ലറയിൽ ദേവസ്യയ്ക്കും അന്ത്യ വിശ്രമത്തിന് ഇടമൊരുങ്ങി.
രക്തബന്ധത്തെക്കാൾ അടുപ്പം സൂക്ഷിച്ചിരുന്ന തങ്ങളുടെ ദേവസ്യയെ സംരക്ഷിക്കണമെന്ന മൈക്കിൾ–ത്രേസ്യാമ്മ ദമ്പതികളുടെ ആഗ്രഹം കൂടിയാണ് ഈയൊരു പ്രവൃത്തിയിലൂടെ അവരുടെ പത്ത് മക്കള്‍ ചേർന്ന് പൂർത്തീകരിച്ചിരിക്കുന്നത്.
No comments