കരണ്ട് പോയാൽ കണ്ണടയ്ക്കുന്ന മലയോരത്തെ BSNL മൊബൈൽ ടവറുകൾ.. ടവറിന് മുന്നിൽ പ്രതീകാത്മക റീത്ത് സമർപ്പിച്ച് DYFI
വെള്ളരിക്കുണ്ട്: മഹാമാരിയുടെ കാലമാണ് അത്യാവശ്യമായി അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് വിളിക്കണമെന്ന് വച്ചാൽ കോൾ പോവില്ല, ഇങ്ങോട്ട് വിളിക്കുന്നവർക്ക് സ്വിച്ച് ഓഫ് എന്ന സന്ദേശവും കേൾക്കാം.. കുറച്ച് കാലമായി മലയോരത്തെ BSNL കണക്ഷൻ്റെ പ്രശ്നമാണിത്. ഒരു കാറ്റു വീശി കരണ്ട് പോയാൽ മലയോരത്തെ ബിഎസ്എൻഎൽ ടവറുകളെല്ലാം ചാർജ് തീർന്ന് കണ്ണടയ്ക്കും. വെള്ളരിക്കുണ്ട്, മാലോം, ഭീമനടി, പരപ്പ, ഇടത്തോട് തുടങ്ങി മലയോരത്തെ ഒട്ടുമിക്ക ബിഎസ്എൻഎൽ മൊബൈൽ ടവറുകളുടേയും അവസ്ഥ ഇതാണ്.
ടവറിലെ ബാറ്ററി നശിച്ചിട്ട് കാലങ്ങളായെങ്കിലും ഇത് മാറ്റി സ്ഥാപിക്കാൻ അധികാരികൾ തയ്യാറാവുന്നില്ല. ജനറേറ്ററിൽ ഡീസൽ നിറക്കാത്തതിനാൽ ഇതും പ്രവർത്തനക്ഷമമല്ല. നിരവധി തവണ പരാതി നൽകിയെങ്കിലും നാളിത് വരെയായി ഒരു നടപടിയും എടുത്തിട്ടില്ല. മുമ്പ് ഒരു ടവറിന് ഒരു വാച്ച്മാൻ എന്ന നിലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അഞ്ചിലധികം ടവറുകളുടെ മേൽനോട്ടത്തിന് ഒരു വാച്ച്മാൻ എന്ന നിലയിലേക്ക് ചുരുക്കി.
മറ്റ് സ്വകാര്യമൊബൈൽ സേവനദാതാക്കളെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടി BSNL അധികാരികൾ കൈകൊള്ളുന്നത് എന്ന വ്യാപകപ്രതിഷേധം ഉയർന്നു വരുന്നുണ്ട്.
ഈ മഹാമാരി കാലത്ത് കുട്ടികളുടെ പഠനം തടസ്സപെടുത്തുന്ന നടപടിയാണ് BSNL അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്
ഇടത്തോട്, അട്ടക്കണ്ടം, കോളിയാർ, ഒടച്ചിലടുക്കം, മാണിയൂർ, തൊട്ടി, നമ്പ്യാർകൊച്ചി, വള്ളിച്ചിറ്റ, ക്ലീനിപ്പാറ, ചീരോൽ, സർക്കാരി, പനയാർകുന്ന് പ്രദേശത്തുള്ള 3500ഓളം ബി.എസ്.എൻ.എൽ കണക്ഷനുകൾ മൊബൈലുകൾ ക്ലീനിപ്പാറ ടവറിന്റെ പരിധിയിലാണ് വരുന്നത്. മലയോരത്തെ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾ ഗത്യന്തമില്ലാതെ മറ്റ് സിമ്മുകളിലെക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി മഴക്കാലപൂർവ്വ അറ്റകുറ്റപണികളുടെ ഭാഗമായി പകൽ സമയങ്ങളിൽ മലയോരത്ത് വൈദ്യുതി തടസ്സപ്പെട്ടിരുന്നു, ഈ ദിവസങ്ങളിൽ ടവർ പ്രവർത്തനമില്ലാത്ത സ്ഥിതിയായി.
സർവ്വ കാര്യങ്ങൾക്കും ഓൺലൈനുമായി ബന്ധപ്പെട്ട ഈ ആധുനിക കാലത്ത് ഇത്തരം കൊള്ളയ്ക്ക് കുട്ടുനിൽക്കുന്ന ബി എസ് എൻ എൽ അധികാരികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന് വന്നിട്ടുണ്ട്.
മൊബൈൽ ടവറിൽ ബാറ്ററി പുനഃസ്ഥാപിക്കുക,
ജനറേറ്റർ പ്രവർത്തനക്ഷമമാക്കി 24 മണിക്കൂറും മൊബൈൽ റേഞ്ച് ഉറപ്പ് വരുത്തുക എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി DYFI യുടെ നേതൃത്വത്തിൽ ക്ലീനിപ്പാറയിലെ ബി എസ് എൻ എൽ ടവർ പരിസരത്ത് പ്രതീകാത്മക റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.
DYFI പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, ബ്ലോക്ക് കമ്മിറ്റി അംഗവും, ഗ്രാമപഞ്ചായത്ത് മെമ്പറുമായ ജഗന്നാഥ് എം വി, മുൻ ബ്ലോക്ക് സെക്രട്ടറി മധു കോളിയാർ, മുൻ ബ്ലോക്ക് കമ്മിറ്റി അംഗം ടി വി ജയചന്ദ്രൻ, ദാമോദരൻ കൊടക്കൽ എന്നിവർ ചേർന്നു ടവറിൽ റീത്ത് സമർപ്പിച്ചു. മേഖല കമ്മിറ്റി അംഗം അഭിനവ് വി സ്വാഗതം പറഞ്ഞു, ഭാസ്കരൻ വി അധ്യക്ഷനായി രാഹുൽ പി വി, കൃഷ്ണദാസ് എം വി, സൂരജ് എം, വിഷ്ണു വി, യദുകൃഷ്ണൻ കെ പി,നന്ദലാൽ, ശശീന്ദ്രൻ വി, രാജീവൻ തുടങ്ങിയവർ സംസാരിച്ചു. അടിയന്തിരമായും പ്രശ്നത്തിനും പരിഹാരം കാണാത്ത പക്ഷം BSNL ഓഫീസ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനും DYFI തീരുമാനിച്ചിട്ടുണ്ട്.
No comments