സ്കൂൾ, കോളജ് അധ്യയന വർഷാരംഭം ജൂൺ ഒന്നിനുതന്നെ സ്കൂളുകളിൽ ഓൺലൈൻ പ്രവേശനോത്സവം
തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും ജൂൺ ഒന്നിനുതന്നെ അധ്യയനവർഷം ആരംഭിക്കാൻ തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ജൂൺ ഒന്നിനുതന്നെ ഓൺലൈനായി ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ഒന്നാം ക്ലാസിൽ പുതുതായി ചേരുന്നവർക്കായി ഓൺലൈനായി പ്രവേശനോത്സവവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അധ്യയന വർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വ്യാഴാഴ്ച വാർത്താസമ്മേളനം നടത്തും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾക്കായിരിക്കും ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങുക. ഈമാസം അവസാനത്തോടെ ക്ലാസ് പൂർത്തിയാകുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും. ഇവർക്ക് പ്ലസ് വൺ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കോളജുകളിലും സർവകലാശാലകളിലും ജൂൺ ഒന്നിനുതന്നെ അധ്യയന വർഷം തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് ധാരണയായത്. ജൂൺ 15 മുതൽ അവസാന വർഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദേശിച്ചു.
സാങ്കേതിക സർവകലാശാലയും കുസാറ്റും അവസാന വർഷ പരീക്ഷകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചത് യോഗത്തിൽ അറിയിച്ചു. മറ്റ് സർവകലാശാലകൾ കോവിഡ് സാഹചര്യം വിലയിരുത്തി പരീക്ഷ നടത്തിപ്പിൽ തീരുമാനമെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു.
No comments