'കള'യിൽ ടൊവിനോയോടൊപ്പം തകർത്തഭിനയിച്ച സുമേഷ് മൂർ ചെറുപുഴ കോവിഡ് ജാഗ്രതാ കോള്‍സെന്ററില്‍ വളണ്ടിയറായി സേവനം
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ജാഗ്രതാ കോള്‍ സെന്ററില്‍ വളണ്ടിയറായി രോഹിത് വി.എസ് സംവിധാനം ചെയ്ത കള എന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചെറുപുഴ സ്വദേശി സുമേഷ് മൂര്‍. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടി കോള്‍ സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി സിനിമ രംഗത്ത് എത്തിയ സുമേഷിന്റെ ആദ്യം ചിത്രം 2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി' ആയിരുന്നു. തന്റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോള്‍ തനിക്കും കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് കോള്‍ സെന്ററിലെത്തിയതെന്നും ലോക്ഡൗണ്‍ സമയത്ത് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും മൂര്‍ പറഞ്ഞു.
മെയ് മാസം മൂന്നാം തീയതി മുതല്‍ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ 200ല്‍ പരം കോളുകള്‍ ആണ് ലഭിച്ചത്. 250ലധികം വീടുകളില്‍ മരുന്നുകളും സാധനങ്ങളും എത്തിക്കാനും കഴിഞ്ഞു. ഫോണ്‍ കോളുകളെടുക്കാന്‍ വിവിധ ഷിഫ്റ്റുകളിലായ 12 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 38 പേരുമുള്‍പ്പെടെ 50 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്‍ററിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
No comments