Breaking News

സർക്കാർ തങ്ങളെ അവഗണിച്ചതിൽ ദുഃഖമുണ്ടെന്ന് സൗമ്യയുടെ കുടുംബം


ഇടുക്കി: സംസ്ഥാന സർക്കാർ അവഗണിച്ചതിൽ ദുഃഖമുണ്ടെന്ന് ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സർക്കാർ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ പരിഗണന ഇനിയെങ്കിലും തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീവ്രവാദികളെ ഭയന്നാണ് സർക്കാർ തങ്ങളെ പിന്തുണക്കാതിരുന്നതെന്നും കുടുംബം പ്രതികരിച്ചു.


സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എന്തുകൊണ്ട് പങ്കെടുത്തില്ലന്ന് ഇസ്രയേൽ സർക്കാർ ചോദിച്ചതായും കുടുംബം അറിച്ചു. ഇസ്രയേൽ കാണിച്ച സ്‌നേഹം പോലും കേരള സർക്കാർ കാണിച്ചില്ല. സൗമ്യയാണ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. മകൻ അഡോണിന് ഒന്നര വയസ് ഉള്ളപ്പോഴാണ് സൗമ്യ ഇസ്രായേലിൽ ജോലിയ്ക്ക് പോകുന്നത്. സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു.


ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്‌കാര ചടങ്ങിലും സംസ്ഥാന സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാതൻ സെഡ്കയും സൗമ്യയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. എന്നാൽ മന്ത്രിമാർക്കോ മുഖ്യമന്ത്രിയ്ക്കോ സ്ഥലത്തെത്താൻ സാധിച്ചില്ല എന്ന വിമർശനങ്ങളാണ് ഉയർന്നത്.


നെടുമ്പാശേരിയിലെത്തിയ സൗമ്യയുടെ ശരീരം ഏറ്റുവാങ്ങാനും സർക്കാർ പ്രതിനിധികളാരും തന്നെ എത്തിയിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലിൽ നടന്ന ഹമാസ് ഷെല്ലാക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌കലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. തുടർന്ന് ശനിയാഴ്ച രാത്രിയാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. 

No comments