Breaking News

മണ്ണ് ഒലിച്ചുപോകാതെയും മഴവെള്ളം തടഞ്ഞു നിർത്തിയും ബളാൽ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ തെങ്ങിന് വരമ്പ് നിർമ്മിക്കൽ പ്രവർത്തി പുരോഗമിക്കുന്നു



വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ തെങ്ങിന് വരമ്പ് പിടിപ്പിക്കൽ ജോലി തൊഴിലൊറുപ്പ് പദ്ധതിയിലുടെ പുരോഗമിക്കുന്നു.പഞ്ചായത്തിലെ പതിനാറു വാർഡുകളിലായി നൂറ് കണക്കിന് തെങ്ങുകൾക്കാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം വരമ്പുകൾ പിടിപ്പിക്കുന്നത്.


മലഞ്ചെരുവുകളിൽ നിറയെ കായ്ച്ചു നിൽക്കുന്ന തെങ്ങുകൾക്ക് വരമ്പുകൾ പിടിപ്പിച്ചാൽ മഴകാലത്ത്‌ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാനാകും. മഴവെള്ളത്തോടപ്പം തെങ്ങിന്റെ വരമ്പിൽ തടത്തിൽ മണ്ണ് കൂടി നിറയുന്നതോടെ കൂടുതൽ വിളവും തെങ്ങിന് ഗുണവും ചെയ്യും.

ഇത് മുൻ നിർത്തിയാണ് തെങ്ങ് കൃഷി കൂടുതൽ ഉള്ള ബളാൽ പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിയിൽ തെങ്ങിന് തടം എടുക്കൽ ജോലിക്ക് മുൻഗണന നൽകിയിരിക്കുന്നത്.


തെങ്ങിന് വരമ്പുകൾപൂർത്തിയായാൽ ഒരു തെങ്ങിൻ ചുവട്ടിൽ മഴക്കാലത്ത്‌ ശരാശരി 5000ലിറ്റർ മഴവെള്ളം കെട്ടി നിൽക്കും.മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങുന്നതോടെ വേനൽ കാലത്ത്‌ വരൾച്ച തടയാൻ ഇത് സഹായകരമാകും.


ഈകാരണങ്ങൾ മുൻനിർത്തിയാണ് ബളാൽ പഞ്ചായത്ത്‌ തെങ്ങ് വരമ്പുകൾ പിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജന പെടുത്തുന്നത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഏഴാം വാർഡിൽ ആരംഭിച്ച തെങ്ങ് വരമ്പ് പിടിപ്പിക്കൽ ജോലി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.


സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നേടിയകാല, തൊഴിലുറപ്പ് എഞ്ചിനിയർ റോബിൻ പി.സി, ഓവർസിയർ മേരി എന്നിവർ സംബന്ധിച്ചു

No comments