ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം; ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. ആനുകൂല്യങ്ങള്‍ തുല്യമായി ലഭ്യമാക്കണം. 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ കോടതി വിധിയില്‍ ഏറെ കൂടിയാലോചനകള്‍ നടത്തിയാണ് കേരള കോണ്‍ഗ്രസ് എം നിലപാട് സ്വീകരിച്ചത്.
വിധി നടപ്പാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. ആവശ്യം പരസ്യമായി പ്രഖ്യാപിച്ച ചെയര്‍മാന്‍ ജോസ് കെ മാണി, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇടത് മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടികളോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും ജോസ് കെ മാണി. എന്നാല്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായവുമുണ്ട്. സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ഐഎന്‍എല്‍ സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
ആര്‍ക്കും മുറിവേല്‍ക്കാതെ ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ വിഷയം പരിഹരിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമ വശങ്ങളും വിദഗ്ധ സമിതിയുടെ പഠനവും, പ്രായോഗിക നിര്‍ദേശങ്ങളും സമുന്വയിപ്പിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
No comments