അമ്പലത്തറ ആനക്കല്ലിലെ 'കുടിയന്മാർ' സൂപ്പറാണ്.. പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തും അഗതിമന്ദിരത്തിൽ സഹായമെത്തിച്ചും മഹാമാരിക്കാലത്തെ മാതൃകാ പ്രവർത്തനം തുടരുകയാണ് ഈ കൂട്ടായ്മ
അമ്പലത്തറ: അമ്പലത്തറ അനക്കല്ലിലെ 'കുടിയന്മാർ' വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ വീണ്ടും കാരുണ്യവഴിയിൽ ഈ മഹാമാരിക്കാലത്ത് നാടിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ നീങ്ങുകയാണ്. പ്രദേശത്തെ കുടുംബങ്ങളിലേക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകിയാണ് ആദ്യം ഇവർ മാതൃകാ പ്രവർത്തനത്തിലൂടെ വെറും 'കുടിയന്മാർ' അല്ലെന്ന് തെളിയിച്ച് കൊടുത്തത്. ഇന്നിപ്പോൾ മറ്റൊരു മനുഷ്യസ്നേഹവും നന്മയുമുള്ള പ്രവർത്തിയാണ് ഈ കൂട്ടായ്മ ഏറ്റെടുത്ത് നടത്തിയത്.
അഗതികളുടെ അശ്രയ കേന്ദ്രമായ കാഞ്ഞിരപ്പൊയിൽ മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രം വൃദ്ധ വികലാംഗ സദനത്തിലേക്ക് ഭക്ഷണവും വസ്ത്രവും ഉൾപ്പടെയുള്ള സാധന സാമഗ്രികൾ കൂട്ടായ്മ നേതൃത്വത്തിൽ എത്തിച്ചു നൽകി.
ആനക്കല്ല്, ചുണ്ണംകുളം, മുതിരക്കാൽ, മലയാക്കോൾ പ്രദേശത്തിൽ നിന്നുള്ള മുഴുവൻ നാട്ടുകാരുടെയും സഹകരണത്തോടെയാണ് കാർഷിക വിഭവങ്ങളും വസ്ത്രങ്ങളും സമാഹരിച്ചു കൊണ്ട് ഇവർ വൃദ്ധ വികലാംഗ സദനത്തിൽ എത്തിച്ചത്.
'കുടിയന്മാർ' വാട്സപ്പ് കൂട്ടായ്‌മ പ്രവർത്തകരായ ഷിജു മലയാകോൾ, മഞ്ജുനാഥ് ആനക്കല്ല്, പശുപാലൻ മുതിരക്കാൽ, ഉണ്ണി ചുണ്ണംകുളം, സോമൻ ആനക്കല്ല്, ബിജു ചുണ്ണംകുളം തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No comments