കൊടകര കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; സി കെ ജാനുവിന് പണം കൊടുത്തിട്ടില്ലെന്നും കെ സുരേന്ദ്രന്‍
കോഴിക്കോട് | കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ നുണപ്രചാരണം നടക്കുന്നതായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ആസൂത്രിതമായ കള്ള പ്രചാരണമാണ് നടക്കുന്നത്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎം. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പോലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പോലീസിന് കിട്ടിയതെന്നു അവര്‍ വ്യക്തമാക്കണം. അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലീസ് ചെയ്ത്‌കൊണ്ടിരിക്കുന്നത്.
സിപിഎം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണവും കെ സുരേന്ദ്രന്‍ നിഷേധിച്ചു. സി കെ ജാനു തന്നോട് പണം ആവശ്യപ്പെടുകയോ താന്‍ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. സി കെ ജാനുവിനെ അപമാനിക്കാനാണ് ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു
തിരഞ്ഞെടുപ്പ് കാലത്ത് പല ആവശ്യത്തിനായി പലരും വിളിക്കും. അവരോടെല്ലാം സംസാരിച്ചിട്ടുമുണ്ടാകും. പ്രസീദയെ വിളിച്ചിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പുറത്ത് വരുമ്പോള്‍ അവ്യക്തത മാറും. സികെ ജാനു എന്‍ഡിഎക്ക് വേണ്ടി മത്സരിക്കാന്‍ പണം ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. അത് തന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പത്ത് കോടി പെട്ടെന്ന് പത്ത് ലക്ഷം ആയി. സികെ ജാനു തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ആരോ ഒരാളുടെ ശബ്ദരേഖയെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളേയും അവര്‍ക്ക് വേണ്ടി സികെ ജാനു നടത്തിയ പോരാട്ടങ്ങളെയും ആണ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു
No comments