പ്രതിദിനം 55 വാർഡുകളിൽ കോവിഡ് പരിശോധന നടത്താൻ ജില്ലാതല കൊറോണ കോർകമ്മറ്റി യോഗതീരുമാനം
കാസർകോട്: കോവിഡ് പരിശോധന വ്യാപകമാക്കുന്നതിനായി ജില്ലയിൽ ഒരു വാർഡിൽ 75 പേരെ വീതം 55 വാർഡുകളിലായി ദിവസവും കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ
ആകെ 777 വാർഡുകളാണുള്ളത്. 14 ദിവസത്തിൽ ഒരിക്കൽ വീണ്ടും പരിശോധന നടത്തും. ദിവസം 4125 പരിശോധന ഈ രീതിയിൽ നടത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങൾ അനാവശ്യ യാത്രകൾ പൂർണമായി ഒഴിവാക്കുകയും സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വേണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റങ്ങളില്ലാതെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതു പോലെ തുടരുകയാണെന്ന് കളക്ടർ പറഞ്ഞു.
വിവിധ വിഭാഗങ്ങൾക്ക് ഭക്ഷ്യ കിറ്റുകളുടെ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അതിഥി തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് ലഭ്യമാക്കണം. മേയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം നടന്നു വരുന്നതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജില്ലയിലെ പട്ടികജാതി പട്ടികവർഗ കോളനികളിൽ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഈ ആഴ്ചയ്ക്കകം പൂർത്തീകരിക്കും. 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഊർജിതമായി നടത്തും.
ലോക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പിബി രാജീവ് പറഞ്ഞു. 72 ചെക്ക് പോയിൻ്റുകളിലായി പോലീസ് പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങളിലും കടകളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും . അദ്ദേഹം പറഞ്ഞു
യോഗത്തിൽ എ ഡി എം അതുൽ എസ് നാഥ് സബ് കളക്ടർ ഡി ആർ മേഘ ശ്രീ, ഡി എം ഒ കെ ആർ രാജൻ, ഡപ്യൂട്ടിഡി എം ഒ ഡോ.എ.വി.രാംദാസ്, ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു, ഫിനാൻസ് ഓഫീസർ കെ സതീശൻ ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി, ജില്ലാ സാമൂഹിക നീതി ഓഫീസർ ഷീബാ മുംതാസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.എ. ബിന്ദു മറ്റ് കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
No comments