Breaking News

ഡിവൈഎഫ്ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധം!



വനംകൊള്ളയ്ക്കെതിരായ ബിജെപിയുടെ പ്രതിഷേധ സമരത്തിനിടെ പ്ലക്കാർഡ് മാറി പോയ സംഭവം സോഷ്യൽ മീഡിയയിൽ ട്രോളാകുന്നു. ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്നെഴുതിയ പ്ലക്കാർഡ് ബിജെപി പ്രവർത്തക ഉയർത്തിയതാണ് വിവാദമായത്. തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധമാണ് ബിജെപിക്ക് നാണക്കേടായി മാറിയത്.

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അമളി പറ്റിയത്. വനംകൊള്ളയ്ക്കെതിരായ പ്രതിഷേധത്തില്‍ രണ്ട് വനിതാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയെന്നാണ് ഒരാളുടെ കൈകളിലുള്ള പ്ലകാര്‍ഡില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെയാളുടെ കൈയിലുണ്ടായിരുന്ന പ്ലക്കാർഡിലെ എഴുത്ത് ആരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്നായിരുന്നു അതിലെ വാചകങ്ങൾ. എന്നാൽ സമരം തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ഇക്കാര്യം ബിജെപി പ്രവർത്തകർക്ക് മനസിലായില്ല. എന്നാൽ പ്രതിഷേധ സമരം കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണ് ഇത് കണ്ടു പിടിച്ചത്. പ്ലക്കാർഡ് കണ്ടു മാധ്യമപ്രവർത്തകർ പരസ്പരം ചിരിക്കാൻ തുടങ്ങിയതോടെയാണ് നേതാക്കൾ പ്ലക്കാർഡ് ശ്രദ്ധിച്ചത്. എന്നാൽ ഇതിനോടകം പ്ലക്കാർഡ് ക്യാമറയിലായിരുന്നു.




സംഗതി പുലിവാലാകുമെന്ന് ഉറപ്പായതോടെ മറ്റൊരു നേതാവ് വനിതാ പ്രവർത്തകയുടെ പ്ലകാര്‍ഡ് കീറിയെറിഞ്ഞു. ഇത്ര വലിയൊരു അബദ്ധം സംഭവിച്ചിട്ടും ഒന്നും ഉണ്ടാകാത്തതുപോലെ അവർ സമരം തുടരുകയും ചെയ്തു. എന്നാൽ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.

No comments