തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും
തിരുവനന്തപുരം : കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മികവുറ്റ രീതിയില്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
കുട്ടികളുടെ ക്ലാസുകള്‍ പഠന സൗകര്യം ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള കുറവുകളുണ്ടെങ്കില്‍ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ചലഞ്ച് ഉപയോഗപ്പെടണം.
പഠന സാമഗ്രികളും മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും ഇന്റര്‍നെറ്റ് കണക്ഷനുകളുമൊക്കെ കുട്ടികള്‍ക്ക് വേണ്ടി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് ഏറ്റെടുത്ത് നടപ്പാക്കണം. സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവനകള്‍ തുടങ്ങിയവയിലൂടെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ ഉപകരണ ചലഞ്ച് വലിയ രീതിയില്‍ സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു
No comments