Breaking News

ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്ക്




ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്കും രം​ഗത്ത്. യു‌എസിൽ ഫേസ്ബുക്കിന്റെ പുറത്തിറക്കാനൊരുങ്ങുന്ന ലൈവ് ഓഡിയോ റൂം സേവനത്തിന്റെ ആദ്യ പൊതു പരീക്ഷണം ചൊവ്വാഴ്ച മാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ നടത്തി. ഫേസ്ബുക്കിന്റെ എആർ, വിആർ വൈസ് പ്രസിഡന്റ് ആൻഡ്രൂ ബോസ്വർത്തും ഫേസ്ബുക്ക് ആപ്പ് മേധാവി ഫിഡ്ജി സിമോയും ടെസ്റ്റിൽ പങ്കെടുത്തു.

സോഷ്യൽ ഓഡിയോ റൂം സ്റ്റാ‍ർട്ട് അപ് ആയ ക്ലബ്‌ഹൗസ് ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം ഡൗൺ‌ലോഡുകളിലേക്ക് കുതിച്ചതോടെയാണ് ഫേസ്ബുക്കും പുതിയ ഓഡിയോ റൂം സേവനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ 'സ്‌പെയ്‌സും' സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ, സ്ലാക്ക്, ടെലിഗ്രാം എന്നിവയും ക്ലബ്ബ്ഹൗസിനോട് മത്സരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂം

കഴിഞ്ഞ മാസം മുതൽ തായ്‌വാനിൽ പ്രമുഖ വ്യക്തികളിലും സൃഷ്ടാക്കൾക്കിടയിലും ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച, സുക്കർബർഗ് മൂന്ന് ഫേസ്ബുക്ക് ഗെയിമിംഗ് സൃഷ്ടാക്കളായ സ്റ്റോൺ‌മൗണ്ടെയ്ൻ 64, ക്വീൻ എലിമിനേറ്റർ, ദി ഫിയേഴ്സ്ഡിവക്വീൻ എന്നിവരുമായി സംസാരിച്ചു. തത്സമയ ഓഡിയോ സെഷനിൽ പുതിയ ഗെയിമിംഗ് സവിശേഷതകളെക്കുറിച്ചുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. എതിരാളിയായ ക്ലബ്‌ഹൗസിന് സമാനമായ രീതിയിലാണ് ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമുകൾ എന്നും റിപ്പോ‍‍ർട്ടുകളുണ്ട്. ഉപഭോക്താക്കൾക്കായുള്ള ഇന്റർ‌ഫേസിൽ‌ സ്പീക്കറും ലഭ്യമാണ്.



ശ്രോതാക്കൾക്ക് സ്ട്രീം ലൈക്ക് ചെയ്യാനും ഓഡിയോ റൂം ഒരു ഗ്രൂപ്പിലേക്കോ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്കോ അല്ലെങ്കിൽ റൂം ലിങ്ക് വഴി മറ്റുള്ളവരുമായി ഷെയ‍ർ ചെയ്യാനോ കഴിയും. ഓഡിയോ റൂം പൊതുജനങ്ങളിലേയ്ക്ക് എന്ന് എത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും സുക്കർ‌ബർ‌ഗ് നൽകിയിട്ടില്ല.

No comments