Breaking News

കൊവിഡ് ദുരിതത്തില്‍ നാടിന് കൈത്താങ്ങായി കിനാനൂർ നവഭാരത് ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മാതൃകാ പ്രവര്‍ത്തനം


ചോയ്യങ്കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഒരു കൂട്ടം നന്മമനസുകളാണ് നിര്‍ധനര്‍ക്ക് താങ്ങായും തണലായും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

ദുരിതം വിതച്ച് കൊവിഡ് മഹാമാരി അരങ്ങുവാഴുമ്പോള്‍ ഒരു പ്രദേശത്തിന് മൊത്തം കൈത്താങ്ങായി നവഭാരത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് മാതൃകയാകുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ  നവഭാരത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണ് 150 ല്‍ അധികം വീടുകളിലേക്ക് ഭക്ഷ്യക്കിറ്റുകളെത്തിച്ച് നിര്‍ധനര്‍ക്ക് കൈത്താങ്ങായത്.  പഞ്ചായത്തിലെ 17ാം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകളിലാണ് പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റുകളെത്തിച്ചു നല്‍കിയത്. 17ാം വാര്‍ഡ് മെമ്പര്‍ കെ.കൈരളി കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഒപ്പം തന്നെ കൂവാറ്റി ഗവ.എല്‍.പി സ്‌കൂളില്‍ സജ്ജമാക്കിയ കോവിഡ് സെന്ററിലേക്ക് ഭക്ഷണസാധനങ്ങള്‍ കൈമാറിയും ക്ലബ്ബ് പ്രവര്‍ത്തകര്‍ കോവിഡ് രോഗികള്‍ക്ക് തണലൊരുക്കി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പ്രദേശത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ നവഭാരത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ ക്ലബ്ബ് സജീവ സാന്നിധ്യമാണ്. കൊവിഡ് ആരംഭകാലത്തും സമാനമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുടെ ക്ലബ് ശ്രദ്ധനേടിയിരുന്നു. കോവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും  സന്നദ്ധ സേവനം നടത്തിയും ക്ലബ്ബ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കിനാനൂരിലെ പ്രവാസി കൂട്ടായ്മ്മയുടെയും ആര്‍മ്മി കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി അര്‍ജുന്‍, ജോ.സെക്രട്ടറി ദിലീപ്, എന്നിവര്‍ സംസാരിച്ചു.

No comments