Breaking News

കർഷകർക്കായി മുൻ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചെന്ന് ആക്ഷേപം: സിപിഐഎം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ്എളേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ഭീമനടി: കർഷകർക്കായി മുൻ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച പണം വകമാറ്റി ചിലവഴിച്ച വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ മാർച്ചും ധർണ്ണയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. കെ പി നാരായണൻ അധ്യക്ഷധായി. ടി കെ സുകുമാരൻ , ഇ ടി ജോസ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.  മുൻ എൽഡിഎഫ് ഭരണസമിതി കിഴങ്ങ് കർഷകർക്കായി നീക്കിവെച്ച പണമാണ് യുഡിഎഫ് ഭരണസമിതി വകമാറ്റിയതെന്നാണ് ആരോപണം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരിയിൽ 12 ലക്ഷത്തോളം രൂപയാണ് അനുവദിച്ചിരുന്നത്. കുറഞ്ഞത് 10 സെന്റ് സ്ഥലത്തെ കൃഷിക്ക് 1200 രൂപ തോതിൽ പരമാവധി ഒരു ഹെക്ടർ കൃഷിക്ക് 30000 രൂപ വരെ നൽകുന്ന പദ്ധതിയാണ് തകിടം മറിച്ചത്. മുൻ ഭരണസമിതിയുടെ കാലത്ത് തന്നെ അപേക്ഷ ക്ഷണിച്ച് ഉപഭോക്താക്കളെ തെരഞ്ഞെടുത്ത്  കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരായവരിൽ നിന്ന് വളം വാങ്ങിയ വൗച്ചർ, നികുതി രശീത്, ആധാർകാർഡ് കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവയും വാങ്ങിവെച്ചിരുന്നു. എന്നാൽ പണം അക്കൗണ്ടിൽ എത്തും മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. തെരഞ്ഞെടുപ്പിന് ശേഷം അക്കൗണ്ടിൽ പണം വരുമെന്ന് കരുതി കാത്തിരുന്ന 1200 ഓളം വരുന്ന കർഷകരെയാണ് പുതിയ ഭരണസമിതി വഞ്ചിച്ചതെന്നും സി.പി.ഐ.എം എളേരി ഏരിയ കമ്മറ്റി ആരോപിക്കുന്നു.

No comments