Breaking News

കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച സംഭവം; പൊലീസ് നടപടി വൈകുന്നതിനെതിരെ വനിത കമ്മീഷൻ


കൊച്ചി: പീഡന പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. കണ്ണൂർ സ്വദേശിനിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂര പീഡനങ്ങൾക്കിരയാക്കി എന്നാരോപിച്ച് തൃശ്ശൂര്‍ സ്വദേശിയായ മാർട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ എന്നയാൾക്കെതിരെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി നാല് മാസത്തോളം പിന്നിട്ടിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് ആരോപണം.

സംഭവത്തില്‍ പൊലീസ് നടപടി അപലപിച്ച് വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സിഐയെ ഫോണിൽ വിളിച്ച് താക്കീത് നൽകിയ വനിത കമ്മീഷന്‍ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശിച്ചു.


സ്ത്രീപീഡനവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരായ പൊലീസ് നടപടിയിൽ ഒരു അമാന്തവും ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചത്. ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയ പ്രതിയുടെ അറസ്റ്റ് വൈകുന്നത്, ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീ സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനിടവരും. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാന്‍ പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.


ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. നേരത്തെ തന്നെ പരിചയത്തിലായിരുന്ന മാർട്ടിൻ ജോസഫുമായി കഴിഞ്ഞ ഒരുവർഷമായി ഒന്നിച്ച് കഴിഞ്ഞു വരികായായിരുന്നു യുവതി. കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഇയാളെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസം ആരംഭിച്ചതും. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ മാർട്ടിൻ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു എന്നാണ് പരാതി. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായും ആരോപണമുണ്ട്. പതിനഞ്ച് ദിവസത്തോളമാണ് പൂട്ടിയിട്ട ഫ്ലാറ്റിൽ വിവിധ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ യുവതിയുടെ നഗ്ന വീഡിയോകളും പ്രതി ചിത്രീകരിച്ചിരുന്നു.

ഫെബ്രുവരി മാസം അവസാനത്തോടെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട യുവതി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗക്കുറ്റം അടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ഇതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടെ മാർട്ടിൻ മുൻകൂര്‍ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളപ്പെട്ടു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് പറയുന്നു.

No comments