Breaking News

കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റ്: നിര്‍മ്മാണ ചുമതല കൊച്ചിയിലെ ഏജന്‍സിക്ക്


ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയില്‍  ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്. ഇ ടെണ്ടര്‍ വഴി ലഭിച്ച മൂന്ന് അപേക്ഷകളില്‍ നിന്നാണ് കെയര്‍ സിസ്റ്റംസിനെ തെരഞ്ഞെടുത്തത്. 1.87 കോടിരൂപ ചിലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ടെണ്ടര്‍ അംഗീകരിച്ചത്. പദ്ധതിയുടെ 20 ശതമാനം തുക മുന്‍കൂര്‍ ആയി നല്‍കും. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുമ്പോഴും ബാക്കിയുള്ള 30 ശതമാനം തുക നിര്‍മ്മാണം പൂര്‍ത്തീകരണ സമയത്തും നല്‍കും. യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സജിത്കുമാര്‍ കെ എന്നിവര്‍  പങ്കെടുത്തു. 


കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍ സിസ്റ്റംസ്.  ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.


ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

No comments