സമഗ്ര ജലസംരക്ഷണം: ജലസംഭരണ നിർമ്മിതികളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി
ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യം വെച്ച് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിർമ്മിതികളുടെ നവീകരണത്തിനും പുനർ നിർമ്മാണത്തിനും കാസർകോക് വികസന പാക്കേജിൽനിന്ന് ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ സാലത്തടുക്ക-മയ്യളം വിസിബി കം ബ്രിഡ്ജിന്റെ നവീകരണത്തിനായി 38.8 ലക്ഷം രൂപയും, അജാനൂർ പഞ്ചായത്തിലെ കല്ലുവരമ്പത്ത് വിസിബി കം ട്രാക്ടർവേക്ക് പുനർ നിർമ്മാണത്തിനായി 29.60 ലക്ഷം രൂപയും, പുല്ലൂർ പെരിയ പഞ്ചായത്തിലെ തച്ചിരവളപ്പ് വിസിബിയുടെ പുനർനിർമ്മാണത്തിനായി 44.2 ലക്ഷം രൂപയും, കിനാനൂർ കരിന്തളം പഞ്ചായത്തിലെ കണ്ണോത്ത് വിസിബിയുടെ നവീകരണത്തിനായി 11 ലക്ഷം രൂപയും, അജാനൂർ പഞ്ചായത്തിലെ തണ്ണോട്ട് ചിത്താരി തോടിന് കുറുകെ ഒറവങ്കരയിൽ വിസിബി കം ട്രാക്ടർവേയുടെ പുനർനിർമ്മാണത്തിനായി 49.5 ലക്ഷം രൂപയും, മുളിയാർ പഞ്ചായത്തിലെ മല്ലം അമ്പലത്തിന് സമീപമുളള വിസിബിയുടെ അറ്റകുറ്റപണിക്കായി 25 ലക്ഷം രൂപയും, ബെളളൂർ പഞ്ചായത്തിലെ പമ്പടേ-കോയങ്കോട് വിസിബിയുടെ നവീകരണത്തിനായി 14.30 ലക്ഷം രൂപയും, കുറ്റിക്കോൽ പഞ്ചായത്തിലെ ചൂരിത്തോട് വിസിബി കം ബ്രിഡ്ജ് നവീകരണത്തിനായി 15.20 ലക്ഷം രൂപയും, തൊടുപാനം വിസിബി കം ബ്രിഡ്ജ് നവീകരണത്തിനായി 20 ലക്ഷം രൂപയും ആണ് വകയിരുത്തിയിട്ടുളളത്.
ഒമ്പത് നദികളും മൂന്ന് ചെറുനദികളും അടക്കം നൂറുകണക്കിന് ചെറുനീർച്ചാലുകളും കൈത്തോടുകളും ഉളള ജില്ല മഴ അവസാനിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ ജലക്ഷാമത്തിന്റെ പിടിയിൽ അകപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ജലസംഭരണ നിർമ്മിതികളുടെ നവീകരണവും പുനർനിർമ്മാണവും നടത്തുന്നത് ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമാകും. ജില്ലയുടെ കുടിവെളള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുളളത്. ജലസംരക്ഷണ നിർമ്മിതികളുടെ നവീകരണവും പുനർ നിർമ്മാണപ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയർ ആണ്.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന്റെ ഭാഗമായി ജലസംഭരണ നിർമ്മിതികളുടെ നവീകരണം, പുനർ നിർമ്മാണം എന്നിവയ്‌ക്കൊപ്പം ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റിംഗ് ചെക്ക്ഡാമുകളുടെ നിർമ്മാണം, പുഴകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ തുടങ്ങി ജലക്ഷാമ ലകൂകരണത്തിനായി നിരവധി പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പ്രവൃത്തികൾ ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി രാജ്‌മോഹൻ അറിയിച്ചു.
No comments