Breaking News

മലയോര ഹെെവേയിലെ കരുവഞ്ചാൽ പാലത്തിന്റെ പുനര്‍ നിർമാണം ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്


കരുവന്‍ചാല്‍: 70 വർഷം പഴക്കമുള്ള അപകടാവസ്ഥയിലായ കരുവഞ്ചാൽ പാലം പൊളിച്ച് പുതിയ പാലം ഉടൻ നിർമിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്  മന്ത്രി മുഹമ്മദ് റിയാസ്. കരുവഞ്ചാൽ പാലം ഉടൻ പണിയണമെന്ന ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം അറിയിച്ചത്.


പാലം അപകടനിലയിലായിട്ട് കാലമേറെയായി. ഗതാഗതക്കുരുക്കും പതിവായി.ഫണ്ടനുവദിച്ചതായി പലതവണ പ്രഖ്യാപിച്ചിട്ടും പ്രവൃത്തി നടക്കാത്തത് ഏറെ ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒട്ടേറെ നിവേദനങ്ങളും പരാതികളും പാലത്തിനായി സമർപ്പിച്ചതിനിടെയാണ് എം.എൽ.എ.യും ഇടപെടൽ നടത്തിയത്.


ഇതോടെയാണ് മന്ത്രി പാലം പണി ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. മലയോര ഹൈവേയിലെയും തളിപ്പറമ്പ് - കൂർഗ് റോഡിലെയും ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. പാലം നിർമാണത്തിനായി ആറുകോടി രൂപയുടെ അടങ്കൽ തുക കണക്കാക്കി 2021-22 ബജറ്റിൽ 1.2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയശഷം ഭരണാനുമതി നൽകി പണി ഉടൻ തുടങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

No comments