വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം
കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ പലതരം ആണ് മാതൃകകളും ഇതിനകം കേരളം കണ്ടുകഴിഞ്ഞു. പലതരത്തിൽ ദുരിതമനുഭവിച്ച മനുഷ്യർക്ക് താങ്ങായി മനുഷ്യർ തന്നെ രംഗത്ത് വരുന്ന കാഴ്ചയാണ് രണ്ടാം തരംഗത്തിലും കേരളം കണ്ടത്. അതിനിടെയാണ് കോട്ടയത്തുനിന്ന് മനുഷ്യത്വം തുളുമ്പുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ആശ്വാസം ആകുകയാണ് ഒരു സംഘം.
കോവിഡ് ബാധിച്ച കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായ കന്നുകാലികളുടെ സംരക്ഷണം ഏറ്റെടുത്താണ് ക്ഷീരോദ്പാദക സഹകരണ സംഘം മാതൃകയായത്. കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുൻ പ്രസിഡൻ്റ് ബിജുവിൻ്റെ 17 പശുക്കളെയാണ് കൊടുങ്ങൂർ ക്ഷീര സംഘം ഏറ്റെടുത്തത്. കുടുംബാംഗങ്ങൾക്ക് എല്ലാം കോവിഡ് ബാധിച്ചതോടെ പശുക്കളുടെ കാര്യം പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് കൊടുങ്ങൂർ ക്ഷീരസംഘം ആശ്വാസ നടപടികളുമായി രംഗത്ത് വന്നത്.
എട്ടു കറവ പശുക്കളും ഒന്‍പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും 50 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഫാമിന്‍റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പിൻ്റെ സഹായമെത്തിയത്.
സഹകരണ സംഘം സെക്രട്ടറി വി.എൻ മനോജിൻ്റെയും വാഴൂർ ക്ഷീരവികസന ഓഫീസർ ടി.എസ് ഷിഹാബുദ്ദീൻ്റെയും നേതൃത്വത്തിൽ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂർ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കർഷകരുടെ വീടുകളിൽ എത്തിച്ച് സംരക്ഷണം നൽകുകയാണിപ്പോൾ.
ഇത് ആദ്യമായി അല്ല ക്ഷീരസംഘം പശുക്കളെ ഏറ്റെടുത്ത് മാതൃകയാക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ഒരുപാട് മനുഷ്യരുടെ കൂട്ടായ്മ കൂടിയാണ് ഈ പ്രവർത്തനത്തിന് പിന്നിൽ. ക്ഷീരകർഷകരായ മനോജ് വാഴേപ്പറമ്പിൽ, സാബു കോലാമാക്കൽ, കൊച്ചുമോൻ കോയിക്കൽ, ജുബിൻ മാത്യു കണയങ്കൽ, രജിത് കുറുങ്കുടിയിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
ഇവർ ദിവസവും പശുവിനെ കറന്ന് സൊസൈറ്റിയിൽ പാൽ എത്തിക്കും. കർഷകനായ ജുബിൻ മാത്യുവിൻ്റെ അഞ്ചേക്കര്‍ സ്ഥലത്തെ തീറ്റപ്പുല്ല് സൗജന്യമായി ഈ പശുക്കൾക്ക് എത്തിച്ചു നൽകുന്നു. അങ്ങനെ കാരുണ്യം നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇവിടെ.
ഉടമസ്ഥർ കോവിഡ് മുക്തരായ ശേഷം പശുക്കളെ തിരികെ എത്തിക്കും എന്ന് ക്ഷീര സംഘം ഭാരവാഹികൾ അറിയിച്ചു. കേവലം കൊടുങ്ങൂർ ക്ഷീരസംഘം മാത്രമല്ല ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ സജീവമായി തുടർന്നത്.
കോട്ടയം ജില്ലയിൽ നിലവിൽ ഇത്തരത്തിൽ വിവിധ ക്ഷീരസംഘങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന നൂറോളം പശുക്കളുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പറഞ്ഞു. കോവിഡ് പ്രതിസന്ധി ആദ്യഘട്ടത്തിൽ വലിയ രീതിയിൽ ബാധിച്ച കോട്ടയം ജില്ലയിൽ ഇപ്പോൾ ആശ്വാസകരമായ നിലയാണ് ഉള്ളത്. ജില്ലാ ഭരണകൂടം നടത്തിയ കഠിനമായ ശ്രമത്തിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ കുറയ്ക്കാനായി. ലോക്ക് ഡൌൺ ഇളവുകൾ വന്നപ്പോഴും ഇത് വ്യക്തമാക്കുകയാണ്. ഏറ്റവും ശക്തമായ നിയന്ത്രണം വേണ്ട ഡി കാറ്റഗറിയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. ഏതായാലും കോവിഡ് കാലത്ത് നിരവധി മാതൃകകളാണ് കോട്ടയം ജില്ലയിൽ നിന്ന് ഇത്തവണ ഉണ്ടായത്.
No comments