Breaking News

ബലാത്സംഗം മൊബൈലില്‍ പകർത്തി നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: മൈനോറിറ്റി കോണ്‍ഗ്രസ് മുന്‍ നേതാവിനെതിരെ കേസ്






കൊച്ചി: മുന്‍ കോണ്‍ഗ്രസ് പോഷകസംഘടനാ നേതാവും മൈനോരിറ്റി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായ ബ്രിട്ടീഷ് പൗരനെതിരേ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ കല്ലുമാടിക്കലിനെതിരെയാണ് ഇരിങ്ങാലക്കുട സ്വദേശിയും കൊച്ചിയില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന 42 കാരിയുടെ പരാതിയിൽ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്ത ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതിയ്ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് അറിയിച്ചു.

ബംഗലൂരുവില്‍ ഐ.ടി. ജീവനക്കാരിയായിരുന്ന യുവതി 2018 ലാണ് കൊച്ചിയിലെത്തിയത്. വിവാഹമോചിതയായ ഇവര്‍ കൊച്ചിയില്‍ ബിസിനസ് ആരംഭിയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് പുനർവിവാഹത്തിനായി വിവാഹ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ട് അന്വേഷണം നടത്തിയ ലക്‌സണ്‍ കല്ലുമാടിയ്ക്കല്‍ താന്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നും കോണ്‍ഗ്രസ് നേതാവാണെന്നും പരിചയപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാട്ടി.

വിവാഹ ആവശ്യങ്ങള്‍ക്കാണെങ്കില്‍ കുടുംബവുമായി ബന്ധപ്പെടാന്‍ യുവതി ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കുടുംബത്തെ ബന്ധപ്പെട്ട ഇയാള്‍ യു.കെയില്‍ തനിയ്ക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ടു. ബ്രിട്ടീഷുകാരിയായ ഭാര്യയുമായുള്ള വിവാഹമോചനക്കേസ് അവസാന ഘട്ടത്തിലാണ്. വിവാഹമോചനം നടന്നാലുടന്‍ വിവാഹം കഴിയ്ക്കാമെന്നും അറിയിച്ചു.

മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതോടെ ഫോണില്‍ വിളിച്ച് ഇടയ്ക്കിടെ സംസാരം ആരംഭിച്ചു. അങ്ങേയറ്റം മാന്യമായിരുന്നു ഇയാളുടെ സംസാരമെന്ന് യുവതി പറയുന്നു. രണ്ടാം വിവാഹത്തിന് സുന്ദരിയായ പെണ്ണിനെ കിട്ടിയതിന്റെ നന്ദി അറിയിക്കാന്‍ വല്ലാര്‍പാടം പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാന്‍ എത്തണമെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പള്ളിയിലെത്തിയ യുവതിയെ ലക്‌സണ്‍ മോതിരമണിയിക്കാന്‍ ശ്രമിച്ചു. വിവാഹം മാറിപ്പോകാതിരിയ്ക്കാനായാണ് ചടങ്ങെന്നായിരുന്നു വിശദീകരണം. എന്നാല്‍ വീട്ടില്‍ നേരിട്ടുവന്ന് ചടങ്ങ് നടത്തിയാലെ അംഗീകരിയ്ക്കാനാവൂ എന്ന് യുവതി തീര്‍ത്തു പറഞ്ഞു.




തുടര്‍ന്ന് അടുത്ത ദിവസം അമ്മയ്ക്കൊപ്പം ഇരിങ്ങലക്കുടയിലെ വീട്ടിലെത്തി ലളിതമായ ചടങ്ങുകളോടെ വിവാഹനിശ്ചയ ചടങ്ങ് നടത്തി. ഉന്നത നേതാകളോടൊപ്പമുള്ള ചിത്രങ്ങളും മറ്റും കാണിച്ചതിനാല്‍ കുടുംബത്തിന് സംശയം തോന്നിയില്ല. 2017 ല്‍ ബ്രിട്ടീഷ് പാർലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചതിന്റെ വാര്‍ത്തകളും ബന്ധുക്കളെ കാട്ടിയിരുന്നു. ഔദ്യോഗികമായി വിവാഹമോചിതനാവാത്തതിനാലാണ് ലളിതമായ രീതിയില്‍ നിശ്ചയം നടത്തിയതെന്ന് വിശദീകരണവും നല്‍കി. യു.കെ.യില്‍ ഇക്കാര്യമറിഞ്ഞാല്‍ വിവാഹമോചന നടപടികളെ ബാധിയ്ക്കുമെന്നും പറഞ്ഞു.

വിവാഹനിശ്ചയ ചടങ്ങിനുശേഷം ചങ്ങനാശേരിയിലേക്ക് തിരിയ്ക്കുന്നതിനിടെ ലക്‌സണിന്റെ അമ്മ ചില ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചു. യാത്ര ബുദ്ധിമുട്ടായതിനാല്‍ യുവതിയുടെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തങ്ങാന്‍ അനുമതി തേടി. ലക്‌സൺ ഹോട്ടലില്‍ മുറിയെടുത്തു താമസിക്കാനും തീരുമാനമായി. എന്നാല്‍ അമ്മയുടെ നിര്‍ബന്ധത്താല്‍ ഹോട്ടല്‍ താമസം ഒഴിവാക്കിയ ഇയാള്‍ യുവതിയുടെ ഫ്ളാറ്റില്‍ തന്നെ തങ്ങി. അര്‍ദ്ധരാത്രിയില്‍ അമ്മയ്ക്ക് വെള്ളം നല്‍കാനെന്ന വ്യാജേന മുറിയില്‍ കടന്നുകയറിയ ഇയാള്‍ യുവതിയെ ബലാത്സംഗം നടത്തിയ ശേഷം നഗ്നദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.

പോലീസില്‍ പരാതി നല്‍കൊനൊരുങ്ങിയെങ്കിലും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നീക്കത്തില്‍ നിന്നും പിന്തിരിപ്പിച്ചു. തുടര്‍ന്ന് ചങ്ങനാശേരിയിലെ വീട്ടിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി. അവിടെവെച്ചും ബലംപ്രയോഗിച്ച് ശാരീരകമായി ബന്ധപ്പെടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു.

മറ്റൊരു യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടാക്കാട്ടി യു.കെ.യിലെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെ വീട്ടുതടങ്കിലില്‍ നിന്ന് മോചിപ്പിച്ചതായി യുവതി പറയുന്നു. കൊച്ചിയിലേക്ക് മടക്കി അയച്ചെങ്കിലും വിവരം പുറത്തറിയിച്ചാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാടകവീട്ടിലെത്തിയും പീഡനം തുടര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പന്ത്രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു. സ്‌നേഹം കൊണ്ടും യുവതിയെ നഷ്ടപ്പെടാതിരിയ്ക്കുന്നതിനുമാണ് ഇതൊക്കെ ചെയ്തിരുന്നതെന്ന് അടയ്ക്കിടെ ഇയാള്‍ ആവര്‍ത്തിച്ചിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു ശ്രമങ്ങളും ഉണ്ടാകാതെ വന്നതോടെ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി. മത-രാഷ്ട്രീയ നേതാക്കളെ ഇടനിലക്കാരാക്കി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും വിവാഹം കഴിയ്ക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെ പരാതി പിന്‍വലിപ്പിക്കുകയും ചെയ്തും. നിയമപരമായി തന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് യുവതി കരുതുന്നത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുശേഷം വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ നടത്തിയെങ്കിലും പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. യു.കെ.യിലെ ഭാര്യയില്‍ നിന്നും വിവാഹമോചനം ലഭിച്ചതോടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ പോകുന്നതായി ഇയാള്‍ യുവതിയെ അറിയിച്ചു. ഇതോടെയാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.

ലക്‌സണെ ഒന്നാം പ്രതിയാക്കി കേസ് രജിസ്‌ററര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കേസെടുത്തതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments