മുട്ടിൽ മരം മുറി കേസ്: കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം
ന്യൂഡൽഹി: വിവാദമായ മുട്ടിൽ മരം മുറി കേസ് സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി സംസ്ഥാന നേതൃത്വം. വിഷയത്തിൽ കേന്ദ്ര വനം- പരിസ്ഥിത മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിക്കും. ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടും. മരം മുറിയിൽ വനം വകുപ്പ് കൂടി ഉൾപ്പെട്ടതിനാൽ കേന്ദ്രത്തിന് ഇടപെടാമെന്നാണ് സംസ്ഥാന ബി.ജെ.പി നിലപാട്.
ഇതിനിടെ മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുള്ല പ്രതികളുടെ ഹർജി ഹൈക്കോടതി തളളി. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് കേസിലെ പ്രതികളില്‍ ഒരാളായ ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതൊടൊപ്പം വനംവകുപ്പിന്റെ അന്വേഷണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും സർക്കാർ അറിയിച്ചു.
വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്.
വയനാട്ടിലെ മുട്ടിൽ മരം മുറിച്ചു കടത്തിയ കേസിൽ പ്രതിപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഇന്നലെ നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയം സംഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവലശ്യപ്പെട്ടിരുന്നു. ഒരു ഉന്നതന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും ഇത്തരം മരങ്ങൾ മുറിക്കാൻ പാടില്ലെന്ന തരത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വിഭാഗത്തിൽ രൂപംകൊണ്ട ഉത്തരവ് തിരുത്തിയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. പലയിടത്തും ഇത്തരത്തിൽ മരംമുറിച്ചതായി ആരോപണമുണ്ട്. അന്വേഷിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകും. 10 കോടി മതിപ്പ് വിലയുള്ള തടിയാണ് വയനാട്ടിൽ കടത്തിയത്. ഇതെല്ലാം പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് സമയത്താണ് മരംമുറി നടന്നത്. കോഴിക്കോട് വിജിലൻസ് കൺസർവേറ്റർ ചുമതല ഉണ്ടായിരുന്ന ടി.എൻ. സാജൻ കേസ് വഴി തിരിച്ചുവിടുന്നു എന്ന പരാതി കിട്ടി. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
2020 ഒക്‌ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് മരം മുറി നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. പട്ടയ ഭൂമിയിൽ നിന്ന് ചന്ദനമരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് മറയായത്. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിചിത്ര ഉത്തരവ് ആരുടെ നിർദ്ദേശപ്രകാരമാണ് ഇറക്കിയതെന്നും അദ്ദേഹം ചോദിച്ചു.
No comments