Breaking News

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ഓൺലൈൻ വ്യാപാരം വ്യാപകമെന്ന് പരാതി മർച്ചൻ്റ് യൂത്ത് വിംഗ് പ്രവർത്തകർ ഗോഡൗണുകൾ അടപ്പിച്ചു


കാസർകോട്: അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മാത്രം ഹോം ഡെലിവറി ചെയ്യാമെന്നതിന്റെ മറവില്‍ മറ്റെല്ലാ സാധനങ്ങളും യഥേഷ്ടം വില്‍പന ചെയ്യുന്നുവെന്നാരോപിച്ച്‌ ഓണ്‍ലൈന്‍ ഷോപിങ് ഭീമന്മാരായ ഫ്ളിപ് കാര്‍ട്, ആമസോണ്‍ എന്നിവയുടെ വിദ്യാനഗറിലെ ഓഫീസും ഡെലിവറി പോയിന്റും മര്‍ചന്റ്സ് യൂത് വിംഗ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. തിങ്കളാഴ്ച കൂടുതല്‍ ഗോഡൗണുകള്‍ അടപ്പിക്കുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.


കോവിഡും ലോക് ഡൗണും മൂലം കടകളടച്ച്‌ വ്യാപാരികള്‍ ദുരിതത്തില്‍ കഴിയുബോഴാണ് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുത്തകകള്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം

ഭക്ഷ്യ വസ്‌തുക്കള്‍ മാത്രം വില്‍പന ചെയ്യാമെന്നിരിക്കെ കളിപ്പാട്ടം മുതല്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ വരെ ഇവര്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. പൊലീസ് അടക്കം ഇവര്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുന്നതായി നേതാക്കള്‍ പറയുന്നു.


വ്യാപാരികള്‍ക്ക് കട തുറക്കുന്നതിന് തന്നെ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുമ്ബോള്‍ യാതൊരുവിധ പ്രോടോകോളും പാലിക്കാതെ 50 വരെ ജീവനക്കാരെ വെച്ചാണ് ഓണ്‍ലൈന്‍ ഷോപിങ് ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും ഉയരുന്നു. മലയോര മേഖലയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്ഥാപങ്ങളുടെ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നു.


ഒരുവര്‍ഷത്തോളമായി വ്യാപാരികള്‍ കടുത്ത സാമ്ബത്തിക മാന്ദ്യമാണ് നേരിടുന്നത്. പലരും മുറിയുടെ വാടക പോലും കൊടുക്കാനാവാതെ പ്രയാസപ്പെടുന്നു. ശമ്ബളം നല്‍കാനാവാതെ തൊഴിലാളികളെ പിരിച്ചുവിടേണ്ട അവസ്ഥയിലാണ്. അനവധി പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നത്. വിറ്റഴിക്കാന്‍ കഴിയാതെ സാധനങ്ങള്‍ നശിച്ചുപോകുന്ന അവസ്ഥയുമുണ്ട്. ഇതിനെയെല്ലാം എങ്ങനെ അതിജീവിക്കുമെന്നറിയാതെ വ്യാപാരികള്‍ നില്‍ക്കുമ്ബോഴാണ് ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നത്.


ചെറുകിട വ്യാപാരികള്‍ കടകളടച്ച്‌ കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്ന അവസരത്തില്‍ ഓണ്‍ലൈന്‍ ഷോപിങ് കുത്തകകളെ കയറൂരി വിടുന്നത് ഇരട്ടത്താപ്പ് ആണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ്‌ ശരീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഗോഡൗണുകള്‍ തിങ്കളാഴ്ച അടപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ഒരു മണിക്കൂറോളം നീണ്ടുനിന്ന വാഗ്വാദത്തിന് ശേഷമാണ് മെര്‍ചന്റ്സ് യൂത് വിംഗ് പ്രവര്‍ത്തകര്‍ വിദ്യാനഗറിലെ ഗോഡൗണുകള്‍ അടപ്പിച്ചത്. ഹാരിസ് സെനോറ, നിസാര്‍ സിറ്റി കൂള്‍, വേണു സ്റ്റുഡന്റസ് ബുക്, നൗഫല്‍ റിയല്‍, ശമീം ചോക്ലേറ്റ്, അന്‍വര്‍ ചോക്ലേറ്റ്, എന്‍ എം സുബൈര്‍ സംബന്ധിച്ചു.

No comments