ഓപ്പറേഷൻ പി-ഹണ്ട്: സംസ്ഥാനത്ത് പലയിടത്തും മിന്നൽ പരിശോധന, കണ്ണൂരിൽ മാത്രം 25 പേർക്കെതിരെ കേസ്
കോഴിക്കോട്: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന. ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നവർക്കെതിരേയും ഇത്തരം ദൃശ്യങ്ങൾ പങ്കുവെച്ചവർക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകളും രജിസ്റ്റർ ചെയ്തു.
കണ്ണൂരിൽ 25 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ മുതൽ നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങുന്നത്. തളിപ്പറമ്പ്, ധർമടം, പാനൂർ, വളപട്ടണം, പിണറായി തുടങ്ങിയ സ്റ്റേഷനുകളിൽ ഓരോ കേസുകൾ രജിസ്റ്റർ ചെയ്തു. 25000 രൂപയോളം വിലവരുന്ന ഫോണുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിലായി. ഒരു ബംഗാൾ സ്വദേശിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിച്ച ആളെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങുന്നത്. നിലമ്പൂരിൽ നിന്നാണ് ബംഗാൾ സ്വദേശി അറസ്റ്റിലായത്. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിലെ എസ് കെ രാഹുലിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ ചാവക്കാട് മേഖലയിലെ മൂന്ന് വീടുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൂന്ന് ഫോണുകൾ പോലീസ് പിടിച്ചെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഇടുക്കിയിൽ നിരോധിത അശ്ലീല സൈറ്റുകളിൽ പതിവായി സന്ദർശനം നടത്തുന്ന രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കോടതിയ്ക്ക് കൈമാറി. അശ്ലീല ദൃശ്യങ്ങൾ കണ്ടവരിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു.
No comments