അയൽവാസിയായ കാമുകിയെ ആരുമറിയാതെ വീട്ടിൽ താമസിപ്പിച്ചത് 10 വർഷം
പാലക്കാട്: അയൽവാസിയായ കാമുകിയ ആരുമറിയാതെ യുവാവ് സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്ത് വർഷം. മാതാപിതാക്കളും സഹോദരിയും താമസിക്കുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു യുവാവ് പെൺകുട്ടിയെ ഈ കാലമത്രയും താമസിപ്പിച്ചത്.
പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്പിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടിനാണ് 18 വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അടക്കം നിരവധി തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു തുമ്പും ലഭിച്ചില്ല. മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു പെൺകുട്ടി.
ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാർ അറിയാതെ യുവാവ് ഭക്ഷണവും മറ്റും എത്തിച്ചു. ഇയാൾ പുറത്തിറങ്ങുന്ന സമയത്തെല്ലാം മുറി പുറത്തു നിന്ന് പൂട്ടി. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. . രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് ശുചിമുറി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇത് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടയിൽ മൂന്ന് മാസം മുമ്പ് 34 വയസ്സുള്ള യുവാവിനേയും കാണാതായി. ഇലക്ട്രീഷ്യനായ യുവാവ് ജോലി ആവശ്യമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. തുടർന്ന്, വിത്തിനശേരിയില്‍ വാടക വീടെടുത്ത് യുവതിക്കൊപ്പം താമസിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.
ലോക്ക് ഡൗണിനിടയിൽ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാനെ കണ്ടതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ യുവതിയേയും കണ്ടെത്തി.
No comments