Breaking News

വാക്സിൻ മാർഗരേഖ പരിഷ്കരിച്ചു; സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സിൻ



തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ തീരുമാനം. മുൻഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. 18 വയസുമുതലുള്ളവർക്ക് വാക്‌സിനേഷനായി രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്.

എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ്

ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.

എന്നാൽ 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും. ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. 18 വയസ്സ് മുതലുള്ളവർക്കായി കുടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി വാക്‌സിൻ ലഭിച്ചാൽ മാത്രമേ കാലതാമസമില്ലാതെ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാകൂ.

ടിപിആർ 15 ന് മുകളിൽ ട്രിപ്പിൾ ലോക് ഡൗൺ ആയിരിക്കും. സംസ്ഥാനത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ വന്നാൽ മാത്രമാകും പൂർണമായ ഇളവുകൾ നൽകുക. നേരത്തെ ഇത് എട്ട് ആയിരുന്നു. നാളെത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും.

No comments